മാന്നാര്‍: ചെന്നിത്തല പള്ളിയോടം നീരണിഞ്ഞു. ചെന്നിത്തല തെക്ക് 93-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ചെന്നിത്തല പള്ളിയോടം 130-ാമത് തിരുവാറന്മുള ഭഗവത് ദര്‍ശനത്തിനായി പോകുന്നതിനായിട്ടാണ് നീറ്റില്‍ ഇറക്കിയത്. ഇന്നലെ വലിയ പെരുമ്പുഴ പള്ളിയോട കടവില്‍ രാവിലെ 10.55നും 11.35നും മധ്യേ ശുഭമുഹൂര്‍ത്തത്തില്‍ നിരവധി ഭക്തജനങ്ങളെ സാക്ഷി നിര്‍ത്തി നീര്ണിഞ്ഞു.
വാലാടത്ത് ബ്രഹ്മശ്രീ കേശവന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പള്ളിയോടപുരയില് പൂജാദികര്‍മങ്ങള്‍ നടന്നു. അതിനു ശേഷം ചാലാ ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നു താലപ്പൊലി, വഞ്ചിപ്പാട്ട്, വാദ്യഘോഷം തുടങ്ങിയവയുടെ അകമ്പടിയോടെ പള്ളിയോട പുരയില്‍ എത്തി പട്ടും വിസിലും നല്കി പള്ളിയോടപുര തുറന്ന് നീരണിയല്‍ ചടങ്ങ് ആരംഭിച്ചു. 17ന് രാവിലെ ഒന്‍പതിന് ഭഗവാനുള്ള തിരുമുല്‍ കാഴ്ചയുമായി പള്ളിയോടം ആറന്മുള ദര്‍ശനത്തിനായി യാത്ര തിരിക്കും.