"നിര്‍ണയ' ലാബ് ശൃംഖല ഉടന്‍: മന്ത്രി വീണാ ജോര്‍ജ്
1451488
Sunday, September 8, 2024 3:03 AM IST
പന്തളം: സംസ്ഥാനത്ത് ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗപരിശോധനയ്ക്കായി "നിര്‍ണയ' ലാബുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പന്തളം ബ്ലോക്ക് ഓഫീസ് നവീകരിച്ച കെട്ടിടത്തിന്റെയും ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
എല്ലാ ജില്ലകളിലും കാന്‍സര്‍ പോലുള്ള രോഗങ്ങള്‍വരെ നിര്‍ണയിക്കാന്‍ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ലാബും എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ലാബുകളും ഉള്‍പ്പെടുന്ന ശൃംഖലയാണ് ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു.
സ്ത്രീശക്തീകരണ പദ്ധതികള്‍, സര്‍വേ നടത്തി വയോജനങ്ങളുടെ കണക്കുകള്‍ ശേഖരിച്ച് അവര്‍ക്കായി ആവിഷ്കരിച്ചു വരുന്ന പദ്ധതികള്‍, ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍, കുട്ടികള്‍ക്കായി നിര്‍മിക്കുന്ന പാര്‍ക്ക് തുടങ്ങിയവ മികവിന്റെ ഉദാഹരണങ്ങളാണ്.
സര്‍ക്കാര്‍ ഓഫീസുകളുടെ അടിസ്ഥാനസൗകര്യവികസനം പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാകണമെന്നും പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തിന്റെ ഐഎസ്ഒ 9001: 2015 പ്രഖ്യാപനവും നിര്‍വഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്. അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എം. മധു,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബി.എസ്. അനീഷ്മോന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലാലി ജോണ്‍, അംഗങ്ങളായ ജോണ്സണ് ഉള്ളന്നൂര്‍, അനില എസ്. നായര്‍, ജൂലി ദിലീപ്, രജിത കുഞ്ഞുമോന്, രേഖ അനില്‍, ശോഭ മധു, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജ ടി. റ്റോജി തുടങ്ങിയവര്‍ പ്രസംഗിച്ചു.