ജില്ലാതല തദ്ദേശ അദാലത്ത് പത്തിന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍
1451487
Sunday, September 8, 2024 3:03 AM IST
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള നാലാം നൂറുദിന പരിപാടി ജില്ലാതല തദ്ദേശ അദാലത്ത് പത്തിനു രാവിലെ 8.30 മുതല്‍ പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ 9.30ന് മന്ത്രി എം.ബി. രാജേഷ് ജില്ലാതല ഉദ്ഘാടനം നര്‍വഹിക്കും. കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
ബില്‍ഡിംഗ് പെര്‍മിറ്റ്, കംപ്ലീഷന്‍, ക്രമവത്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസന്‍സുകള്‍, സിവില്‍ രജിസ്ട്രേഷന്, നികുതികള്‍, ഗുണഭോക്തൃ പദ്ധതികള്‍, പദ്ധതി നിര്‍വഹണം, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, മാലിന്യസംസ്കരണം, പൊതുസൗകര്യങ്ങളും സുരക്ഷയും, ആസ്തി മാനേജ്മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെ കാര്യക്ഷമത എന്നിവയാണ് പരിഗണിക്കുന്നത്.
സംസ്ഥാനത്ത് വയനാട് ഒഴികെ 13 ജില്ലകളിലും നടന്നുവരുന്ന അദാലത്തിന്റെ അവസാന അദാലത്താണ് ജില്ലയില്‍ നടക്കുന്നത്. മന്ത്രിമാര്‍, എംപി, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്മാന്, മുനിസിപ്പല്‍ ചെയര്പേഴ്സണ്മാര്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങി വിവിധ മേഖലകളിലെ ജനപ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കും.
819 അപേക്ഷകള്‍
തദ്ദേശ അദാലത്ത് പോര്‍ട്ടലിലേക്ക് ഓണ്‍ലൈനായി 819 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. പരാതികള്‍ അദാലത്ത് ദിവസവും രാവിലെ 8.30 മുതല്‍ സ്വീകരിക്കും. ലൈഫ്, അതിദാരിദ്ര്യം എന്നിവയിലുള്ള പുതിയ പരാതികള്‍ അദാലത്തില്‍ സ്വീകരിക്കുന്നതല്ല.
അദാലത്തില്‍ പങ്കെടുക്കാന്‍ വരുന്ന പൊതുജനങ്ങള്‍ പ്രധാന ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്ന ഗേറ്റ് വഴി ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപമുള്ള പ്രധാനഹാളിലുള്ള റിസപ്ഷന് കൗണ്ടറില്‍നിന്ന് ടോക്കണുകള്‍ വാങ്ങി വേണം അദാലത്ത് നടക്കുന്ന സ്ഥലത്തേക്കു പ്രവേശിക്കേണ്ടത്.
അദാലത്ത് പോര്‍ട്ടലില്‍ അപേക്ഷ നല്കിയ അപേക്ഷകര്‍ രജിസ്ട്രേഷന് കൗണ്ടറില്‍ ഹാജരാകുന്ന മുറയ്ക്ക് ടോക്കണ്‍ നല്‍കുന്നതും വോളണ്ടിയേഴ്സ് അവരെ അപേക്ഷ പരിഗണിക്കുന്ന അദാലത്ത് സമിതികളുടെയും പരാതികള്‍ പരിഹരിക്കപ്പെട്ടിട്ടില്ല എങ്കില്‍ മന്ത്രിയുടെയും ഡയസിലേക്കും എത്തിക്കുന്നതാണ്.
ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന ഗേറ്റുവഴി മന്ത്രിമാരുടെയും സംസ്ഥാനതല ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ക്കു മാത്രമായിരിക്കും പ്രവേശനം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്, പത്തനംതിട്ട നഗരസഭ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ കെ. രശ്മിമോള്, നോഡല്‍ ഓഫീസര്‍ ജെ. രാജേഷ്കുമാര്‍, ആര്. സതീഷ് ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.