മിശിഹാനുകരണ സന്യാസിനീ സമൂഹം ശതാബ്ദിയുടെ നിറവില്‍
1451461
Sunday, September 8, 2024 2:52 AM IST
ഉദ്ഘാടനം 18ന്
തിരുവല്ല: ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം ശതാബ്ദിയുടെ നിറവില്‍. ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത 1925 സെപ്റ്റംബര്‍ 21നു തിരുവല്ല തിരുമൂലപുരത്താണ് മിശിഹാനുകരണ സന്യാസിനീ സമൂഹം (ബഥനി) സ്ഥാപിച്ചത്. കത്തോലിക്കാ സഭയുമായുള്ള പുനരൈക്യവും സന്യാസ സമൂഹത്തിന്റെ പൊന്തിഫിക്കല്‍ പദവിയും മിശിഹാനുകരണ സന്യാസിനീ സമൂഹത്തിന്റെ ചരിത്രത്താളുകളിലെ പ്രധാനപ്പെട്ട സംഭവങ്ങളാണ്.
അഞ്ചു പ്രോവിന്‍സുകളിലായി 940 സമര്‍പ്പിത സഹോദരിമാരും 170 മഠങ്ങളും 145 സ്ഥാപനങ്ങളുമായി ഭാരതത്തിനകത്തും പുറത്തുമായി ആധ്യാത്മിക സാംസ്കാരിക വിദ്യാഭ്യാസ ആതുരസേവന മിഷന് രംഗങ്ങളില്‍ ത്യാഗോജ്വലമായ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ബഥനി സിസ്റ്റേഴ്സ് ഏര്‍പ്പെട്ടിരിക്കുന്നു.
18നു രാവിലെ 10.30ന് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ ശതാബ്ദി ഉദ്ഘാടനം നിര്‍വഹിക്കും. തിരുവല്ല അതിഭദ്രാസനാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
മന്ത്രി വീണാ ജോര്‍ജ്, ചങ്ങനാശേരി നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ബഥനി സന്യാസിനീ സമൂഹം സുപ്പീരീയര്‍ ജനറാള്‍ മദര്‍ ഡോ. ആര്‍ദ്ര എസ്ഐസി, തിരുവല്ല പ്രൊവിന്‍ഷ്യല്‍ സുപ്പീരീയിര് മദര്‍ ജോബ്സി എസ്ഐസി, കൊല്ലം രൂപതാധ്യക്ഷന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി,
മലങ്കര ഓര്‍ത്തഡോക്സ് കോട്ടയം ഭദ്രാസനാധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത, ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, മാത്യു ടി. തോമസ് എംഎല്‍എ, ബഥനി സന്യാസിനി സമൂഹം സുപ്പീരീയര്‍ ജനറാള്‍ റവ. ഡോ. ഗീവര്‍ഗീസ് കുറ്റിയില്‍ ഒഐസി, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, ഡിഎം കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറാള്‍ ഡോ. മദര്‍ ലിഡിയ എസ്ഐസി, സഭാതല എംസിഎ പ്രസിഡന്റ് സി. ഏബ്രഹാം പട്യാനി, മുവാറ്റുപുഴ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ മദര്‍ ജോസ് എസ്ഐസി തുടങ്ങിയവര്‍ പ്രസംഗിക്കും.
ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി പത്തിനു ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത അന്ത്യ വിശ്രമം കൊള്ളുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ കബര്‍ ചാപ്പലില്‍നിന്നു മാര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ തെളിച്ചു നല്കുന്ന ദീപശിഖ പ്രയാണം റവ. ഡോ. മദര്‍ ആര്‍ദ്രയുടെ നേതൃത്വത്തില്‍ ആരംഭിച്ച് തിരുവല്ല പ്രൊവിന്‍ഷ്യാള്‍ ഹൗസില്‍ എത്തിച്ചേരും.
ശതാബ്ദി വര്‍ഷത്തോടനുബന്ധിച്ച് അശരണര്‍ക്കായി 100 വീടുകള്‍ നിര്‍മിച്ചു നല്കുന്ന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് സുപ്പീരിയര്‍ ജനറാള്‍ ഡോ. മദര്‍ ആര്‍ദ്ര, അസി. സുപ്പീരിയര്‍ ജനറാൾ സിസ്റ്റര്‍ ലില്ലി ജോസ്, തിരുവല്ല പ്രൊവിന്‍ഷ്യൽ കൗണ്‍സിലര്‍ സിസ്റ്റര്‍ ആഗ്നെറ്റ് എന്നിവര്‍ വിശദീകരിച്ചു.