കുടുംബശ്രീ മേള പഴയ ബസ്സ്റ്റാൻഡിൽ
1451276
Saturday, September 7, 2024 3:05 AM IST
പത്തനംതിട്ട: കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാനതല ഓണം വിപണന മേള പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കും. നേരത്തേ മുനിസിപ്പൽ ബസ് സ്റ്റാൻഡ് മേളയ്ക്കു വേദിയായി നിശ്ചയിച്ചിരുന്നു. ഇതിനെതിരേ വ്യാപാരികളും പ്രൈവറ്റ് ബസുടമകളും രംഗത്തുവന്നതോടെയാണ് വേദി മാറ്റിയത്.
ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. ഒരാഴ്ച മുന്പാണ് തുറന്നു നൽകിയത്. വീണ്ടും ബസുകൾ സ്റ്റാൻഡിനു പുറത്താകുന്നതോടെ വ്യാപാര മേഖല പ്രതിസന്ധിയിലാകും.
ഇത് ചൂണ്ടിക്കാട്ടി വ്യാപാരികൾ മേളയുടെ വേദി മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. മേളയ്ക്കു പന്തൽ സ്ഥാപിക്കാൻഎത്തിയ വാഹനം കഴിഞ്ഞദിവസം വ്യാപാരികൾ തടഞ്ഞു.തുടർന്ന് നഗരസഭയുമായി ചർച്ച നടത്തിയാണ് വേദി പഴയ സ്റ്റാൻഡിലേക്കു മാറ്റിയത്.