കോന്നി മണ്ഡലത്തിലെ പട്ടയവിതരണം: ഡിജിറ്റൽ സർവേ വേഗത്തിലാക്കും
1451274
Saturday, September 7, 2024 3:05 AM IST
പത്തനംതിട്ട: ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ വനാനുമതി ലഭ്യമായ ഭൂമിയിലെ തുടർനടപടികൾ വേഗം പൂർത്തീകരിക്കുന്നതിന് കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. റവന്യുമന്ത്രി കെ. രാജൻ കഴിഞ്ഞദിവസം തിരുവനന്തപുരത്തു ചേർന്ന യോഗത്തിന്റെ തുടർച്ചയായാണ് എംഎൽഎ യോഗം വിളിച്ചത്.
ഒകക്ടോബർ ആദ്യവാരം മുതൽ ചിറ്റാർ, സീതത്തോട്,അരുവാപ്പുലം വില്ലേജുകളിൽ ഡിജിറ്റൽ സർവേ ആരംഭിക്കുന്നതിനു എംഎൽഎ നിർദേശം നൽകി. ഡിജിറ്റൽ സർവേ ആരംഭിക്കുന്ന വില്ലേജുകളിൽ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും നിർദേശം നൽകി.
ഡിജിറ്റൽ സർവേ പൂർത്തീകരിച്ച കോന്നി താഴം, തണ്ണിത്തോട് വില്ലേജുകളിലെ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. റവന്യൂ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കാലങ്ങളായി വീടുവച്ച് താമസിക്കുന്ന കുടുംബങങൾ പട്ടയത്തിനായി സമർപ്പിച്ച അപേക്ഷകളിൽ തീരുമാനമെടുക്കേണ്ടവ അടിയന്തരമായി നടപടി സ്വീകരിക്കുന്നതിന് എംഎൽഎ നിർദ്ദേശം നൽകി.
മൈലപ്ര, മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം,ഏനാദിമംഗലം, കോന്നി പഞ്ചായത്തുകളുടെ അവശേഷിക്കുന്ന പട്ടയങ്ങൾ തയാറാക്കുന്നതിനായി ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
കോന്നി മണ്ഡലത്തിലെ മലയോര പട്ടയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1920 നും 1945 നും ഇടയിലുള്ള കാലഘട്ടത്തിൽ പത്തനംതിട്ട ജില്ലയിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ തുടങ്ങിയ കോന്നി താലൂക്കിലെ മലയോര മേഖലകളിൽ ധാരാളം കർഷകർ വനഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്തു വരികയാണ്.
മൂന്ന് തലമുറകളായി ഈ ഭൂമിയിൽ കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഏകദേശം ഒമ്പത് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭൂമിയുടെ കൈവശാവകാശവും പട്ടയവും ലഭിച്ചിട്ടില്ല. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പട്ടയം നല്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്.
നടപടികൾ പൂർത്തിയാകുന്നതോടെ ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിന് പരിഹാരമാകും.
യോഗത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ഡെപ്യൂട്ടി കളക്ടർ ജേക്കബ് ജോർജ്, കോനനി തഹസിൽദാർ മഞ്ജുഷ, അടൂർ തഹസിൽദാർ സാം, കോഴഞ്ചേരി തഹസിൽദാർ ടി. കെ. നൗഷാദ്, സർവേ ഡെപ്യൂട്ടി ഡയറക്ടർ മോഹൻദേവ്,വില്ലേജ് ഓഫീസർമാർ, റവന്യൂ - സർവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.