ഏനാദിമംഗലത്ത് ബയോമെഡിക്കൽ സംസ്കരണ പ്ലാന്റ് : ആശങ്ക വേണ്ട: ഐഎംഎ
1451265
Saturday, September 7, 2024 3:00 AM IST
പത്തനംതിട്ട: ഏനാദിമംഗലം കിൻഫ്ര പാർക്കിനോടു ചേർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇമേജ് പ്രോജക്ടിലൂടെ സ്ഥാപിക്കാനുദ്ദേശിക്കുന്ന ബയോ മെഡിക്കൽ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ഐഎംഎ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുവേണ്ടി ഏനാദിമംഗലത്ത് മൂന്ന് ഏക്കർ സ്ഥലം സർക്കാർ അനുവദിച്ചിട്ടുള്ളത്. 20 വർഷമായി പാലക്കാട് കഞ്ചിക്കോട്ട് പ്രവർത്തിച്ചുവരുന്ന ഇമേജ് പ്ലാന്റിന്റെ അതേ ഘടനയിലാണ് ഏനാദിമംഗലത്തെ പ്ലാന്റും വിഭാവനം ചെയ്തിരിക്കുന്നത്.
20 ടൺ മാലിന്യങ്ങൾ സംസ്കരിക്കാൻ കഴിയുന്ന പ്ലാന്റ് യാതൊരുവിധ പരിസ്ഥിതി പ്രശ്നങ്ങളും ഉയർത്തില്ലെന്നു വ്യക്തമാണ്. ആധികാരികമായ പഠനങ്ങളുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അനുമതിയോടെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്.
കേരളത്തിൽ നിലവിൽ കഞ്ചിക്കോട്ട് മാത്രമാണ് ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്കരണ പ്ലാന്റ് പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാരിന്റെ പുതിയ നിയമപ്രകാരം ആശുപത്രികളിൽ നിന്നുള്ള ബയോ മെഡിക്കൽ മാലിന്യങ്ങൾ ഉറവിടത്തിൽ നിന്നും 75 കിലോമീറ്റർ ചുറ്റളവിനുള്ളിൽ 24 മണിക്കൂറിനുള്ളിൽ നിർമാർജനം ചെയ്യണമെന്നതാണ്.
തെക്കൻ ജില്ലകളിൽനിന്ന് ഈ സമയപരിധിക്കുള്ളിൽ മാലിന്യങ്ങൾ കഞ്ചിക്കോടുവരെ എത്തിക്കാൻ കഴിയില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കേരള സർക്കാർ തന്നെ മുൻകൈയെടുത്ത് പുതിയ പ്ലാന്റിന് ഏനാദിമംഗലത്ത് സ്ഥലം അനുവദിച്ചത്. പുതിയ പ്ലാന്റ് സ്ഥാപിക്കാനാകുന്നില്ലെങ്കിൽ തെക്കൻ കേരളത്തിലെ ആശുപത്രികളിലെ ബയോ മെഡിക്കൽ മാലിന്യങ്ങൾ നിർമാർജനം ചെയ്യാനാകാത്ത സാഹചര്യമുണ്ടാകുമെന്ന് ഐഎംഎ ഭാരവാഹികൾ പറഞ്ഞു.
പൊതുജനാരോഗ്യത്തെ ബാധിക്കില്ല
ആശുപത്രികളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ബയോ മെഡിക്കൽ മാലിന്യങ്ങൾ ചികിത്സയേ തുടർന്നുണ്ടാകുന്നതാണ്. ഇത് പ്ലാന്റിൽ എത്തിക്കുന്നത് തീർത്തും സുരക്ഷിതമായ സംവിധാനത്തിലാണ്. ഇവയുടെ ശാസ്ത്രീയമായ നിർമാർജനം മലിനീകരണ നിയന്ത്രണ ബോർഡിന്റെ 24 മണിക്കർ നിരീക്ഷണത്തിൽ നടത്തുന്നതാണെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട് രോഗവ്യാപനമോ പൊതുജനാരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകില്ല. പ്ലാന്റിൽ നിന്നുള്ള യാതൊരു വിഷവസ്തുക്കളുവായുവിൽ കലരില്ല. ആധുനികമായ ഡ്രൈ പ്ലാന്റുകളിൽ ഒന്നായിട്ടാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ജലത്തിന്റെ ഉപയോഗം പരിമിതമാണ്. ഉപയോഗിക്കുന്ന വെള്ളം വീണ്ടും ശുദ്ധീകരിച്ച് പുനർ ഉപയോഗത്തിനായി എടുക്കും. പ്ലാന്റിൽനിന്നു ജലം പുറത്തേക്ക് ഒഴുക്കുകയോ സമീപ പ്രദേശങ്ങളെ മലിനപ്പെടുത്തുകയോ ചെയ്യുന്നില്ല. ചുറ്റമുള്ള കിണർ, കുളം, മറ്റ് ശുദ്ധജല സ്രോതസുകൾഎന്നിവയെ പ്ലാന്റ് ഒരുവിധത്തിലും മലിനപ്പെടുത്തില്ല.
പ്ലാന്റിലെത്തുന്ന എല്ലാ ആശുപത്രി മാലിന്യങ്ങളും മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയന്ത്രണങ്ങൾക്കു വിധേയമായി സുരക്ഷിതമായി സംസ്കരിച്ച് 24 മണിക്കൂറിനുള്ളിൽ ശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നത്. ജനങ്ങൾക്ക് യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാതെ പ്ലാന്റ് നടത്താനുള്ള ധാർമിക ഉത്തരവാദിത്വം ഐഎംഎയ്ക്കുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവൻ പറഞ്ഞു.
ഇമേജ് ചെയർമാൻ ഡോ.ഏബ്രഹാം വർഗീസ്, സെക്രട്ടറി ഡോ.കെ.പി. ഷറഫുദ്ദീൻ, കൺവീനർ ഡോ. സുരേഷ്, ഡോ.മണിമാരൻ, ജില്ലാ പ്രസിഡന്റ് ഡോ.ജോസ് ഏബ്രഹാം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പൊതുജന സംവാദം ഇന്ന്
ഏനാദിമംഗലത്തെ ബയോ മെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിനെ സംബന്ധിച്ച് പൊതുജന്ളുമായി ഇന്ന് ആശയവിനിമയം നടത്തും. മലിനീകരണ നിയന്ത്രണ ബോർഡാണ് യോഗം വിളിച്ചിരിക്കുന്നത്. രാവിലെ പത്തിന് ഇളമണ്ണൂർ മോർണിംഗ് സ്റ്റാർ ഹാളിലാണ് യോഗം. ഐഎംഎ പ്രതിനിധികളും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പങ്കെടുക്കും. പൊതുജനങ്ങളുടെ ആശങ്കകൾ സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നൽകും.
പ്ലാന്റിനെ ഗ്രാമപഞ്ചായത്തും പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളും എതിർത്ത സാഹചര്യത്തിൽ ഇന്നു നടക്കുന്ന പബ്ലിക് ഹിയറിംഗ് ഏറെ പ്രാധാന്യം അർഹിക്കുന്നു. പൊതുജന താത്പര്യം കൂടി പരിഗണിച്ചുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്ലാന്റിന് അന്തിമാനുമതി നൽകുകയുള്ളൂ.
ഇതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട സിഎസ്ആർ ഫണ്ട് ചെലവഴിക്കുന്നതു സംബന്ധിച്ച് ആദ്യം പദ്ധതി തേടിയത് ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ നിന്നാണെന്ന് ഐഎംഎ ഭാരവാഹികൾ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പദ്ധതി വയ്ക്കാതെ വന്നതോടെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് നൽകിയ ശിപാർശ അംഗീകരിക്കുകയായിരുന്നു. ഇതനുസരിച്ചുള്ള പദ്ധതിയാണ് വിശദമായ പ്രോജക്ട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതെന്നും ഭാരവാഹികൾ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് കമ്മിറ്റിക്ക് വിയോജിപ്പ്
ബയോ മെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന് അനുമതി നൽകനു്ള നീക്കത്തിൽ ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് എതിർപ്പുമായി രംഗത്ത്. പഞ്ചായത്തിന്റെ അനുമതി പദ്ധതിക്കില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. പദ്ധതിക്കെതിരേ ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നതായി പ്രസിഡന്റ് തുളസീധരൻപിള്ള പറഞ്ഞു.
സിപിഎം, ബിജെപി സംഘടനകളും പദ്ധതിക്കെതിരേ രംഗത്തുവന്നിരുന്നു. പ്ലാന്റ് അനുവദിക്കാനാകില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും വ്യക്തമാക്കി.
ബയോ മെഡിക്കൽ സംസ്കരണ പ്ലാന്റിനെതിരേ ഹിന്ദു ഐക്യവേദി
അടൂർ: ഏനാദിമംഗലം കിൻഫ്ര പാർക്കിൽ ബയോ മെഡിക്കൽ മാലിന്യ സംസ്കരണ യൂണിറ്റ് സ്ഥാപിക്കുന്നതിനെതിരേ ഹിന്ദു ഐക്യവേദി, പ്രകൃതി സംരക്ഷണ വേദി സംഘടനകൾ പ്രതിഷേധിച്ചു.
മാലിന്യ സംസ്കരണ പ്ലാന്റ് ഏനാദിമംഗലം, കലഞ്ഞൂർ,പത്താനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര,ഏഴംകുളം, കൊടുമൺ പഞ്ചയാത്തുകളിൽ മാരകമായ പരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികൾ ആരോപിച്ചു.