ജനവാസമേഖലയെ പരിസ്ഥിതിദുര്‍ബല മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കം ഒഴിവാക്കണം: ഇന്‍ഫാം
1451254
Saturday, September 7, 2024 2:48 AM IST
കാഞ്ഞിരപ്പള്ളി: ജനവാസ മേഖലയെ പരിസ്ഥിതി ദുര്‍ബല മേഖല (ഇഎഫ്എല്‍) യായി പ്രഖ്യാപിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്‍ഫാം എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ നീക്കം മൂലം കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങളുടെ ജീവിതം ദുരിതപൂര്ണമാകുമെന്നതിനാല് കേരള സര്‍ക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഇടപെട്ട് കേരളത്തിലെ ജനവാസ മേഖലയെ പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിക്കുന്നതില്‍ നിന്ന് ഒഴിവ് നേടിയെടുക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകളായി കര്‍ഷകര്‍ അധിവസിക്കുന്ന ഈ ഭൂപ്രദേശം ഇഎഫ്എല്‍ പരിധിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കം അനുചിതവും ജനദ്രോഹപരവുമാണെന്ന് യോഗം വിലയിരുത്തി. ഇന്‍ഫാം കാര്‍ഷിക താലൂക്ക് തലങ്ങളില്‍ ഇഎഫ്എല്‍ പരിധിയില്‍പ്പെടുന്ന കൃഷിയിടങ്ങളില്‍ താമസിക്കുന്ന കര്‍ഷകര്‍ ഒപ്പിട്ട ഭീമഹര്‍ജി എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും നല്കാന് യോഗം തീരുമാനിച്ചു.
കാര്‍ഷികജില്ലാ പ്രസിഡന്റ് അഡ്വ. ഏബ്രഹാം മാത്യു പന്തിരുവേലില്‍, സെക്രട്ടറി ഡോ.പി.വി. മാത്യു പ്ലാത്തറ, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ആല്ബിന് പുല്‍ത്തകിടിയേല്‍, ഫാ. ജിന്‍സ് കിഴക്കേല്‍, ഫാ. റോബിന് പട്രകാലായില്‍, വൈസ് പ്രസിഡന്റ് ബേബി ഗണപതിപ്ലാക്കല്‍, ജോയിന്റ് സെക്രട്ടറി ജോമോന് ചേറ്റുകുഴി, ട്രഷറര്‍ ജെയ്സണ്‍ ചെംബ്ലായില്‍, സബ്ജക്ട് എക്സ്പേര്‍ട്ട് നെല്‍വിന്‍ സി. ജോയി, എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.