സര്‍ക്കാര്‍ ആശുപത്രികളില്‍ പണം അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം
1451253
Saturday, September 7, 2024 2:48 AM IST
പത്തനംതിട്ട: വിവിധ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പണം അടയ്ക്കാം. മെഡിക്കല്‍ കോളജുകളിലും ജില്ലാ, ജനറല്‍ ആശുപത്രികളിലും ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഓണ്‍ലൈനിലൂടെ മുന്‍കൂര്‍ പണം അടയ്ക്കുന്നതിനുളള സൗകര്യങ്ങളുമൊരുക്കും. ഡിജിറ്റല്‍ സംവിധാനത്തിലൂടെ പണം അടയ്ക്കാൻ കഴിയാത്തവരിൽനിന്നു നേരിട്ട് സ്വീകരിക്കുന്ന രീതി തുടരും.
ഒപി ടിക്കറ്റ്കൂടി ഡിജിറ്റലാകുന്നതോടെ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം പൂര്‍ണമാകും. ഓണ്‍ലൈന്‍ ബുക്കിംഗ് തുടരുന്നതോടെ നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറെ കാണാന്‍ കഴിയും. ഇതോടെ ഒപിയിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. പ്രധാന ആശുപത്രികളിലെല്ലാം ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സംവിധാനമായി
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പണം അടയ്ക്കുന്നതിന് ഇ - പോസ്, ക്യൂ ആര് കോഡ് സ്കാന്‍ ക്രമീകരണങ്ങളായി. ജീവനക്കാര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കിവരികയാണ്.
കോന്നി മെഡിക്കല്‍ കോളജില്‍ മൊബൈല്‍ കവറേജ് പൂര്‍ണ തോതില്‍ ലഭ്യമല്ലാത്തതിനാല്‍ ക്യുആര്‍ കോഡ് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. മൊബൈല്‍ കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച് കത്തു നല്‍കിയിട്ടുണ്ട്.
ഇ - ഹെല്‍ത്ത് നടപ്പാക്കിയ ആശുപത്രികളിലാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ പണമിടപാട് പൂര്‍ണ തോതില്‍ നിലവില്‍ വരുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇ - ഹെല്‍ത്ത് നടപ്പാക്കുന്നത് അന്തിമ ഘട്ടത്തിലാണ്. ജില്ലയിലെ 11 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഇ - ഹെല്‍ത്ത് നടപ്പാക്കിയിട്ടുണ്ട്. ഇവിടങ്ങളിലും പണം അടയ്ക്കാന്‍ ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കും.
അടിയന്തര സാഹചര്യങ്ങളിൽ സഹായമാകും
ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളിൽ എത്തേണ്ടിവരുന്നവർക്ക് പക്കൽ പണമില്ലെങ്കിൽ പേടിഎം, ഗൂഗിൾ പേ വഴി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണമടയ്ക്കാം. ഇതിനുള്ള ക്യു ആർ കോഡുകൾ കാഷ് കൗണ്ടറുകളിലുണ്ടാകും.
എടിഎം കാർഡുപയോഗിച്ച് സ്വൈപ്പ് ചെയ്തും പണം അടയ്ക്കാം. അപകടത്തിൽപ്പെടുന്നവരുമായി ആശുപത്രിയിലെത്തിയ ഒട്ടേറെ ആളുകൾ പണം അടയ്ക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. ഓൺലൈനായി പണം അടയ്ക്കാൻ സംവിധാനമില്ലാത്തതിനാൽ പരിശോധനയും തുടർ ചികിത്സയും വൈകിയ സംഭവങ്ങളുമുണ്ട്.