മാലിന്യ പ്ലാന്റ് ജനവാസമേഖലയില്‍ അനുവദിക്കില്ല: സിപിഎം
1450989
Friday, September 6, 2024 3:17 AM IST
പത്തനംതിട്ട: ഏനാദിമംഗലം കിൻഫ്ര പാർക്കിനോടു ചേർന്ന ജനവാസമേഖലയിൽ മെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു.
സ്വകാര്യ ഡോക്ടര്‍മാരുടെ സംഘടനായ ഐഎംഎ നേതൃത്വത്തില്‍ മാലിന്യ പ്ലാന്റ് തുടങ്ങാനാണ് നീക്കം. ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്ക അതീവ ഗൗരവത്തിൽ എടുക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
നിരവധി ഭക്ഷ്യ സംസ്കരണ സ്ഥാപനങ്ങളടക്കം പ്രവർത്തിക്കുന്ന വ്യവസായ മേഖലയിൽ ഇത്തരത്തിലുള്ള മാലിന്യ സംസ്കരണ കേന്ദ്രം ഒരു കാരണവശാലും സ്ഥാപിക്കരുത്. മറ്റു ജില്ലകളിൽനിന്നുവരെ കൊണ്ടുവരുന്ന മെഡിക്കൽ അവശിഷ്ടങ്ങളും രോഗാണു വാഹകമായ മാലിന്യങ്ങളുമാണ് ഇവിടെ സംസ്കരിക്കാൻ പദ്ധതിയിട്ടിരിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.
സംസ്കരണ കേന്ദ്രത്തിൽനിന്ന് ഉയരുന്ന പുകമാലിന്യം സമീപത്തെ ഭക്ഷ്യസംസ്കരണ മേഖലയ്ക്കും വലിയ ഭീഷണി സൃഷ്ടിക്കും. കിൻഫ്ര പാർക്കിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങളിൽ മിക്കവയും വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നവയുമാണ്.
ഉന്നത ഗുണനിലവാരം ഉറപ്പുവരുത്തേണ്ട ഭക്ഷ്യ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. വ്യവസായ പാർക്ക് ഉൾപ്പെടുന്ന മേഖല ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശവുമാണ്. ജനങ്ങളുടെ ആശങ്കയ്ക്ക് കൃത്യമായ മറുപടി നൽകാൻ ഐഎംഎ അധികൃതർക്ക് സാധിച്ചിട്ടില്ല.
പ്രദേശത്തെ തദ്ദേശ സ്ഥാപനവും മാലിന്യ സംസ്കരണ കേന്ദ്രം വരുന്നതിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഉദയഭാനു പറഞ്ഞു.