വഞ്ചിപ്പാട്ടിന്റെ അകമ്പടിയിൽ നീരണിഞ്ഞ് പൂവത്തൂർ പടിഞ്ഞാറ് പുത്തൻ പള്ളിയോടം
1450983
Friday, September 6, 2024 3:17 AM IST
കോഴഞ്ചേരി: വഞ്ചിപ്പാട്ടിന്റെയും വായ്ക്കുരവയുടെയും അകമ്പടിയോടെ പൂവത്തൂർ പടിഞ്ഞാറ് പുത്തൻ പള്ളിയോടം പമ്പാനദിയിൽ നീരണിഞ്ഞു. ഇന്നലെ രാവിലെ വരാപ്പുഴേത്ത് കടവിലാണ് നീരണിയൽ ചടങ്ങ് നടന്നത്.
പമ്പയുടെ ഓളപ്പരപ്പിലേക്ക് തെന്നിയിറങ്ങിയ പള്ളിയോടം മറുകരയായ ഇടയാറന്മുളയിലെ ആറ്റുവഞ്ചിയിൽ തട്ടിയാണ് നിന്നത്. തുടർന്ന് ബോട്ടിന്റെ സഹായത്തോടെ കരയിൽ അടുപ്പിച്ച പള്ളിയോടത്തിൽ മുഖ്യ തച്ചൻ ചങ്ങങ്കരി വേണു ആചാരിയും സഹ കർമി വിഷ്ണു വേണു ആചാരിയും പരിശോധന നടത്തി.
പിന്നീട് ക്യാപ്റ്റനും കരക്കാരും ആവേശത്തോടെ ചുണ്ടനിൽ ഇടംപിടിച്ചു. ആറന്മുളയിലേക്കുള്ള പള്ളിയോടത്തിന്റെ കന്നിയാത്രയ്ക്ക് അകമ്പടി സേവിക്കാൻ പൂവത്തൂർ കിഴക്ക്, ഇടയാറന്മുള, തോട്ടപ്പുഴശേരി, പഴയ പൂവത്തൂർ പടിഞ്ഞാറ് എന്നീ പള്ളിയോടങ്ങൾ എത്തിയിരുന്നു. ആറന്മുളയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് തിരികെ കരയിൽ എത്തി വിഭവസമൃദ്ധമായ വള്ളസദ്യയും നടന്നു.
വ്യാഴാഴ്ച രാവിലെ നടന്ന നീരണിയൽ കർമത്തിന് മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ നേതൃത്വം നൽകി. മന്ത്രി വീണാ ജോർജ്, 52 കരകളിലേയും പ്രതിനിധികൾ എന്നിവർ സാക്ഷിയായി.
നേരത്തേ, പള്ളിയോടം നീരണിഞ്ഞ വരപ്പുഴേത്ത് കടവിന് സമീപം ചേർന്ന യോഗത്തിൽ എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ആർ. മോഹൻ കുമാർ അധ്യക്ഷത വഹിച്ചു. പൊതു സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പള്ളിയോട ശിൽപ്പികളെ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ ആദരിച്ചു.
കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുജാത, ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം അനീഷ് കുന്നപ്പുഴ, പഞ്ചായത്തംഗങ്ങളായ എം.സി. രാജേന്ദ്രൻ നായർ, ഓമനക്കുട്ടൻ നായർ, കേരളാ പത്രപ്രവർത്തക യൂണിയൻ മുൻ ജില്ലാ സെക്രട്ടറി സജിത്ത് പരമേശ്വരൻ,
പൂവത്തൂർ പൊടിമല മാർത്തോമ്മ പള്ളി വികാരി റവ. സജിത്ത് തോമസ് ജോൺ, കെപിഎംഎസ് സെക്രട്ടേറിയറ്റ് അംഗം ബിജു വർക്കശാല, പൂവത്തൂർ സെന്റ് ജോസഫ് സിഎസ്ഐ പള്ളി വികാരി റവ. റിനി ഫിലിപ്പ്, സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി വികാരി ഫാ. ജോർജ് വലിയ പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.