പന്തളം വൈഎംസിഎ സുവർണജൂബിലി ഉദ്ഘാടനം എട്ടിന്
1450978
Friday, September 6, 2024 3:00 AM IST
പത്തനംതിട്ട: പന്തളം വൈഎംസിഎയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് എട്ടിനു തുടക്കമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉച്ചകഴിഞ്ഞ് 3.30 ന് പന്തളം എമിനൻസ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.
മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണവും വൈഎംസിഎ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നോയൽ സി. അമണ്ണാ മുഖ്യ പ്രഭാഷണവും നടത്തും. പന്തളം വൈഎംസിഎ പ്രസിഡന്റ് വി.ജി. ഷാജി അധ്യക്ഷത വഹിക്കും.
റീജണൽ സെക്രട്ടറി ഡേവിഡ് സാമുവേൽ, സബ് റീജണൽ ചെയർമാൻ ജോസഫ് ജോൺ എന്നി വർ പ്രസംഗിക്കും. യോഗത്തിൽ സാമൂഹ്യ- വിദ്യാഭ്യാസ-ജീവ കാരുണ്യ പ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വൈഎംസിഎ അംഗം പി.എം. ജോസിനു സർ ജോർജ് വില്യംസ് അവാർഡ് നൽകി ഗവർണർ ആദരിക്കും. ആഘോഷങ്ങളുടെ മുന്നോടിയായി വിളംബര റാലി ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പറന്തൽ വൈഎംസിഎയിൽനിന്ന് ആരംഭിച്ച് വെൺമണിയിൽ സമാപിക്കും.
ജൂബിലി സ്മാരകമായി ഒരു നിർധന കുടുംബത്തിന് ഭവനം നിർമിച്ചു നൽകും. വൃക്കരോഗി കൾക്കുള്ള ഡയാലിസിസ് കിറ്റ് വിതരണം, യൂണിവൈ-വനിതാ സമ്മേളനം, ലഹരി വിമുക്ത ബോധവത്കരണ പരിപാടി, മാലിന്യ നിർമാർജന പരിപാടി, നിർധനരായ വിദ്യാർഥികൾക്ക് പഠന സഹായം, മെറിറ്റ് അവാർഡ്, പെയിന്റിംഗ് മൽസരം, എക്യുമെനിക്കൽ യോഗങ്ങൾ എന്നിവയും സംഘടിപ്പിക്കും.
വൈഎംസിഎ പ്രസിഡന്റ് വി.ജി. ഷാജി, സെക്രട്ടറി റെജി സാമുവൽ, ട്രഷറർ ജോസ് ജോർജ്, ജൂബിലി, സ്വാഗതസംഘം ചെയർമാൻ പി.എം. ജോസ്, ജനറൽ കൺവീനർ രാജൻ പാപ്പി, പ്രോഗ്രാം കമ്മിറ്റി കൺവീനർ അലക്സാണ്ടർ കാരയ്ക്കാട്, പബ്ലിസിറ്റി കൺവീനർ ഡെന്നിസ് ജോർജ്, തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.