പന്പാ ജലമേള സെപ്റ്റംബർ 14ന്; തുഴക്കാർക്കുള്ള പരിശീലനം ആരംഭിച്ചു
1442666
Wednesday, August 7, 2024 3:16 AM IST
തിരുവല്ല: കെ.സി. മാമ്മന്‍ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള ഉത്രാടം തിരുനാള്‍ 66- ാമത് പമ്പാജലമേള സെപ്റ്റംബര്‍ 14ന് ഉച്ചകഴിഞ്ഞ് രണ്ടിന് നീരേറ്റുപുറം പമ്പാവാട്ടര് സ്റ്റേഡിയത്തില്‍ നടക്കും. ജലമേളയ്ക്കു മുന്നോടിയായി തുഴച്ചില്‍ പരിശീലന കളരിയുടെ ഉദ്ഘാടനം പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസും ആറന്മുളപള്ളിയോട സേവാസംഘം പ്രതിനിധി ബി. കൃഷ്ണകുമാറും ചേര്‍ന്ന് നിർവഹിച്ചു. തുഴച്ചിൽകാരായ ബി.സി. രാജുവിനും പി.സി. മനുവിനും പങ്കായം നൽകിയായിരുന്നു ഉദ്ഘാടനം.
നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാർഡ് മെംബർ ഗ്രേസി അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പമ്പാ ബോട്ട് റെയ്സ് ക്ലബ് വര്‍ക്കിംഗ് പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ഉമ്മന്‍ മാത്യു മാമ്മൂട്ടില്‍, ബി.കൃഷ്ണകുമാര്‍, ജോയി ആറ്റുമാലില്‍, അനില്‍ സി. ഉഷസ്, രാജേശേഖരന് തലവടി, സന്തോഷ് ചാത്തങ്കേരി, രാജേഷ് നെടുമ്പ്രം, ബിനു പാട്ടപ്പറമ്പില്‍, റെജി വേങ്ങല്‍, സജി കൂടാരത്തില്‍, സുനില്‍ നെടുമ്പ്രം തുടങ്ങിയവർ പ്രസംഗിച്ചു.
ജലമേളയുടെ സ്റ്റാര്‍ട്ടിംഗ് പോയിന്റിനോടനുബന്ധിച്ച് സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ആറന്മുള-കുട്ടനാട് ശൈലികളിലുള്ള സംസ്ഥാന തലത്തിലുള്ള വഞ്ചിപ്പാട്ട് മത്സരങ്ങള്‍ പത്തിനു നടത്തുമെന്ന് പന്പാ ബോട്ട് റെയ്സ് ക്ലബ് സെക്രട്ടറി പുന്നൂസ് ജോസഫ് അറിയിച്ചു.