അടൂർ ബൈപാസിൽ ബൈക്കിൽ കാറിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
1442404
Tuesday, August 6, 2024 3:18 AM IST
അടൂർ: ബൈപാസിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ മരിച്ചു. അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ ടോംസി വർഗീസ് (23), പത്തനംതിട്ട വാഴമുട്ടം മഠത്തിൽ തെക്കേതിൽ ജിത്തുരാജ് (26) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ഏഴോടെ ബൈപാസിലെ വട്ടത്തറപ്പടിയിലാണ് അപകടം. സുഹൃത്തും ഏഴംകുളം സ്വദേശിയുമായ രാഹുലിന്റെ ബൈക്കുമായി ബൈപാസിൽ സഞ്ചരിക്കുന്പോഴാണ് അപകടം. ബൈപാസിലെ ബൂസ്റ്റർ ചായക്കടയിൽ രാഹുൽ ചായ കുടിച്ചുകൊണ്ടിരിക്കുന്പോൾ ബൈക്കുമായി ജിത്തുവും ടോംസിയും കരുവാറ്റ സിഗ്നൽ ഭാഗത്തേക്ക് ഓടിച്ചുപോകുന്നതിനിടെയാണ് അപകടം.
കരുവാറ്റ സിഗ്നൽ ഭാഗത്തുനിന്നും അടൂർ ബൈപാസിലേക്കു വന്ന ബെൻസ് കാർ തെറ്റായ ദിശയിലെത്തി ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.
പരിക്കേറ്റ ഇരുവരെയും അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചു. അടൂർ പോലീസ് തുടർനടപടി സ്വീകരിച്ചു. കാറിലെ യാത്രക്കാരിയായ തിരുവനന്തപുരം തൈക്കാട് അനന്തഭവനത്തിൽ രത്നമണിക്ക് അപകടത്തിനിടെ പരിക്കേറ്റു.
ഗ്ലോറി വില്ലയിൽ പരേതനായ സി.ജി. ഗീവർഗീസിന്റെയും ശോഭയുടെയും മകനാണ് മരിച്ച ടോംസി. വാഴമുട്ടം മഠത്തിൽ തെക്കേതിൽ രാജീവിന്റെയും ശ്രീലതയുടെയും മകനാണ് ജിത്തുരാജ്.