ജെ.ബി. കോശി കമ്മീഷന് റിപ്പോർട്ട് ഉടൻ പുറത്തുവിടണം: കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ
1339461
Saturday, September 30, 2023 11:06 PM IST
കാഞ്ഞിരപ്പള്ളി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്ക അവസ്ഥ പഠിക്കാൻ നിയോഗിച്ച ജെ.ബി. കോശി കമ്മീഷന്റെ ശിപാർശകൾ ഉടൻ പുറത്തുവിടണമെന്നു കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു.
കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ യാതൊരു തുടർനടപടിയും സ്വീകരിക്കുകയോ ചർച്ചകൾ നടത്തുകയോ ചെയ്തിട്ടില്ല.
കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ ആവലാതികള്‍ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടിന്റെ തുടര്‍നടപടികള്‍ വൈകുന്ന ഒരോ ദിവസവും ക്രൈസ്തവസമൂഹത്തിന് അര്‍ഹമായ നീതി നിഷേധിക്കപ്പെടുകയാണ്.
4.87 ലക്ഷം പരാതികള്‍ പരിശോധിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് വേണ്ടത്ര പ്രാധാന്യത്തോടെ സര്‍ക്കാര്‍ പരിഗണിക്കാതിരിക്കുന്നതും തുടര്‍ നടപടികള്‍ വൈകിപ്പിക്കുന്നതും റിപ്പോര്‍ട്ടിന്റെ കാലോചിത പ്രസക്തി നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
അർഹമായ നീതി, സമസ്ത മേഖലയിലും നടപ്പാക്കപ്പെടണമെന്നു ആഗ്രഹിക്കുന്ന ക്രൈസ്തവ സമുദായത്തിന് ഏറെ വേദന ഉളവാക്കുന്നതാണ് റിപ്പോർട്ട് നടപ്പാക്കാതെ വൈകിപ്പിക്കുന്നത്.
എത്രയും വേഗം റിപ്പോർട്ട് നിയമസഭയിൽ ചർച്ചയ്ക്ക് വയ്ക്കണമെന്നും സഭകളുമായി ആലോചിച്ചു തുടർനടപടികൾ സ്വീകരിക്കണമെന്നു പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു.