സഹകരണ തട്ടിപ്പ് വൈറസായി പടരുന്നു; നടപടികളിൽ മെല്ലപ്പോക്ക്
1339458
Saturday, September 30, 2023 11:06 PM IST
പത്തനംതിട്ട: ജില്ലയിലെ ഒരു ഡസനോളം പ്രാഥമിക സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ടുയർന്ന ക്രമക്കേടുകളിൽ നടപടികൾ വൈകുന്നത് പ്രതിച്ഛായയ്ക്കു കളങ്കം.
സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിശ്വാസ്യത തകരാനും ഇതര സംഘങ്ങളുടെ നിലനില്പിനെ തന്നെ ബാധിക്കുന്ന തരത്തിലും വൈറസായി പടർന്നിരിക്കുകയാണെന്ന് സഹകാരികൾ. ഏതാനും ബാങ്കുകളിലുണ്ടായ പ്രതിസന്ധി പകർച്ചവ്യാധിപോലെ മറ്റിടങ്ങളിലേക്കു വ്യാപിച്ചു തുടങ്ങി.
സുരക്ഷിതമല്ലെന്നു കണ്ടതോടെ സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. പ്രതിദിന ചെലവുകൾക്കുപോലും പണം തികയാത്ത സാഹചര്യത്തിലാണ് പല പ്രാഥമിക ബാങ്കുകളും.
മാസങ്ങളായി ജീവനക്കാരുടെ ശന്പളം മുടങ്ങിയ സ്ഥാപനങ്ങളുമുണ്ട്. നിക്ഷേപകർക്കും ചിട്ടിയ്ക്കും പണം നൽകാൻ കഴിയാത്തവരുമുണ്ട്.
വായ്പ തിരികെ പിടിക്കാനായില്ല
ജില്ലയിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ നടന്ന പരിശോധനകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി സഹകരണ വകുപ്പ് തന്നെ റിപ്പോർട്ട് നൽകിയ ബാങ്കുകളുണ്ട്. പലയിടത്തും സാന്പത്തിക പ്രതിസന്ധി രൂക്ഷമായി പ്രവർത്തനം തന്നെ നിലച്ചമട്ടാണ്.
വൻതോതിൽ വായ്പകൾ നൽകി തിരികെപ്പിടിക്കാനാകാതെ പ്രതിസന്ധിയിലേക്കുപോയ ബാങ്കുകളാണേറെയും. ഇവിടങ്ങളിൽ തുടർനടപടികൾ തടസപ്പെടുകയായിരുന്നു. ബാങ്ക് ഭരണസമിതിയംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കു ബാധ്യതയായി മാറിയ പ്രതിസന്ധിയിൽ നടപടി ഒഴിവായത് രാഷ്ട്രീയ സമ്മർദങ്ങളുടെ പുറത്താണ്.
കോന്നി റീജണൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, ചന്ദനപ്പള്ളി, ഓമല്ലൂർ, കുളനട, വയലത്തല എന്നിവിടങ്ങളിൽ സഹകരണവകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതരമായ ക്രമക്കേട് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നു റനവ്യൂറിക്കവറി നടപടികൾക്ക് ശിപാർശ ചെയ്തിരുന്നു.
സീതത്തോട്, മൈലപ്ര, കുന്പളാംപൊയ്ക, ചേത്തയ്ക്കൽ, കൊറ്റനാട്, പുല്ലാട് ബാങ്കുകളിലും ഗുരുതരമായ സാന്പത്തിക വിഷയങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിനു പിന്നാലെ പ്രതിസന്ധിയിലായ നിരവധി സംഘങ്ങളുമായി ബന്ധപ്പെട്ടും അന്വേഷണങ്ങൾ നടന്നു.
ക്രമക്കേട് കണ്ടെത്തിയ ബാങ്കുകളുടെ ഭരണസമിതികൾ പിരിച്ചുവിട്ട് പലയിടത്തും അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്. ചിലയിടത്തു പേരിനു മാത്രം ഭരണസമിതിയുണ്ട്.
കൈയൊഴിഞ്ഞ് ഭരണസമിതികൾ
സഹകരണ വകുപ്പ് നിയമങ്ങൾ കാറ്റിൽപറത്തി വായ്പകൾ അനുവദിച്ചശേഷം ഭരണസമിതികൾ കൈയൊഴിയുന്ന സമീപനങ്ങളാണ് പലയിടത്തും കണ്ടുവരുന്നത്. വായ്പകൾ അനുവദിക്കുന്പോൾ ബന്ധപ്പെട്ട വസ്തുക്കളുടെ രേഖകൾ പരിശോധിച്ച് ഉറപ്പാക്കേണ്ട ചുമതല ഭരണസമിതിക്കാണ്.
എന്നാൽ, ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചകളാണ് പലയിടത്തും ശ്രദ്ധയിൽപെട്ടത്. ഒരു പ്രമാണം ഉപയോഗിച്ചുതന്നെ ഒന്നിലേറെ ആളുകൾക്കു വായ്പ പലയിടത്തും അനുവദിച്ചിട്ടുണ്ട്.
ജാമ്യവസ്തുക്കൾ സംബന്ധിച്ച് കൃത്യമായ പരിശോധനയും നടന്നിട്ടില്ല. ലഭിക്കുന്ന വായ്പ തിരികെ അടയ്ക്കാനുള്ള ശേഷിയും പരിശോധിച്ചിട്ടില്ല. ഒരു വായ്പ നിലനിൽക്കുന്പോൾതന്നെ വീണ്ടും വായ്പ അനുവദിച്ചതായ സംഭവങ്ങളും നിരവധിയാണ്.
ചന്ദനപ്പള്ളി സഹകരണ ബാങ്കിൽ 2004-05ലെ ഓഡിറ്റിംഗിൽ ഒന്നരക്കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഭരണസമിതിയംഗങ്ങൾ ഉൾപ്പെടെ പണം തിരിച്ചടയ്ക്കണമെന്നായിരുന്നു നിർദേശം. ഇതേവരെ തുടർനടപടി ഉണ്ടായില്ല. കോന്നി ആർസിസിയിൽ 7.9 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്.
ഭരണസമിതിയംഗങ്ങൾക്കെതിരേ നടപടി ഉണ്ടായെങ്കിലും നഷ്ടപ്പെട്ട പണം തിരികെ പിടിക്കാനായിട്ടില്ല. സീതത്തോട് ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട നടപടി ഒരു ഉദ്യോഗസ്ഥനിൽ ഒതുങ്ങി.
ഉദ്യോഗസ്ഥരുടെ പങ്ക്
സഹകരണ ബാങ്കുകളിൽ എല്ലാ സാന്പത്തികവർഷവും ഓഡിറ്റുകൾ നടക്കാറുണ്ടെങ്കിലും കൃത്യമായ റിപ്പോർട്ടുകളോ നടപടികളോ ഉണ്ടാകുന്നില്ല.
സമീപകാലത്ത് ഏറ്റവും വലിയ ക്രമക്കേട് റിപ്പോർട്ടു ചെയ്ത മൈലപ്ര സഹകരണബാങ്കിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള ഓഡിറ്റുകളിൽ നടപടി ഉണ്ടാകാതെ പോയതാണ് തട്ടിപ്പിന്റെ ആഴം വർധിപ്പിച്ചതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകഥകൾ പുറത്തുവന്നെങ്കിലും ഭരണസമിതിയംഗങ്ങൾ ആരുംതന്നെ ശിക്ഷിക്കപ്പെട്ടിട്ടില്ല. സഹകരണ ജോയിന്റെ രജിസ്ട്രാർ മുഖേനയാണ് റവന്യൂ റിക്കവറി നടപടികൾ നടത്തുന്നത്.
ഇതിനെതിരേ ബന്ധപ്പെട്ടവർക്ക് അപ്പീൽ നൽകാം. അപ്പീൽ കാലയളവിൽ ജപ്തി നടപടികൾ ഒഴിവാകും. ഇത്തരം പഴുതുകൾ ഉപയോഗിച്ച് പലരും രക്ഷപെടുന്നതാണ് രീതി.
നിക്ഷേപകർ നെട്ടോട്ടത്തിൽ
പ്രതിസന്ധിയിലായ ബാങ്കുകളിൽ സ്ഥിരനിക്ഷേപം നടത്തിയവരാണ് പ്രതിസന്ധിയിലായത്. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾ മുന്നിൽക്കണ്ട് സ്ഥിരനിക്ഷേപം നടത്തിയ സാധാരണക്കാരാണ് ഏറെപ്പേരും.
പെൻഷൻ ഫണ്ടും മറ്റും നിക്ഷേപമായി നൽകിയവരുമുണ്ട്. വാർധക്യകാല ആശ്വാസമായി ലഭിക്കേണ്ടിയിരുന്ന പണം നഷ്ടപ്പെട്ടവർ വേറെ. ഇത്തരക്കാരുടെ ജീവിതം തന്നെയാണ് സഹകരണ പ്രതിസന്ധി മാറ്റിമറിച്ചത്.
പ്രതിസന്ധിയിലായ ബാങ്കുകളിലേക്കു ദിവസവും വന്നുപോകുന്നവർ നിരവധിയാണ്. ലക്ഷക്കണക്കിനു രൂപ നിക്ഷേപമായി നൽകിയവർക്കുപോലും ആശ്വാസമായി നൽകുന്നത് പരമാവധി 2000 രൂപയാണ്.