ഗതാഗതം തടസപ്പെടുത്തി മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന
1339292
Friday, September 29, 2023 11:54 PM IST
അടൂർ: വാഹന രജിസ്ട്രേഷനുവേണ്ടി മോട്ടോർ വാഹനവകുപ്പ് പരിശോധനകൾ ബൈപാസ് റോഡരികിലേക്കു മാറ്റിയതോടെ ഗതാഗതതടസം പതിവായി.
റോഡിന്റെ ഇരുഭാഗത്തും ഒരേപോലെ വാഹനങ്ങൾ പാർക്ക് ചെയ്താണ് പരിശോധന. ബസും ലോറികളും ഉൾപ്പെടെ നൂറോളം വാഹനങ്ങളാണ് ടെസ്റ്റിംഗിനായി റോഡിന് ഇരുവശത്തും എത്തുന്നത്.
മിക്കദിവസങ്ങളിലും വാഹനഗതാഗതം തടസപ്പെടുന്നതിനെത്തുടർന്ന് ട്രാഫിക് പോലീസ് എത്തിയാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നത്. രാവിലെ എത്തിക്കുന്ന വാഹനങ്ങൾ ഉച്ചകഴിയുന്നതുവരെ റോഡരികിൽ കിടക്കേണ്ടിവരുന്നു.
ബൈപാസ് റോഡിൽ കരുവാറ്റ കനാൽ പാലം മുതൽ പുതിയ ബസ് സ്റ്റാൻഡ് ജംഗ്ഷൻ വരെയായിരുന്നു ടെസ്റ്റിംഗിനായി വാഹനങ്ങൾ ഇട്ടിരുന്നത്. ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ നടത്തിയാൽ ഗതാഗതകുരുക്ക് ഒഴിവാക്കാനാകും.
ബൈപാസ് റോഡിൽ ഹോട്ടലുകളും മറ്റും വന്നതോടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഹോട്ടലുകളിൽ വരുന്നവർ തങ്ങളുടെ വാഹനങ്ങൾ റോഡരികിലാണ് പാർക്ക് ചെയ്യുന്നത്.