സഹകരണ ബാങ്കുകളിൽ സിപിഎമ്മിന്റെ സംഘടിത കൊള്ള: സതീഷ് കൊച്ചുപറന്പിൽ
1338828
Wednesday, September 27, 2023 11:57 PM IST
കോന്നി: സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ വിശ്വസിച്ച് പണം നിക്ഷേപിച്ച സഹകാരികളെ സംഘടിത കൊള്ളയിലൂടെ സിപിഎം നേതൃത്വം വഞ്ചിച്ചിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ. യുഡിഎഫ് സഹകരണ തെരഞ്ഞെടുപ്പ് കൺവൻഷൻ തണ്ണിത്തോട്ടിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഹകാരികളുടെ നിക്ഷേപ തുക തട്ടിയെടുത്ത് സിപിഎം നേതാക്കൾ സംസ്ഥാനത്തൊട്ടാകെ തടിച്ചുകൊഴുത്തിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ജില്ലയിലെ സഹകരണ ബാങ്കുകൾ ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചെടുക്കുന്ന തരംതാഴ്ന്ന പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡിസിസി അംഗം പ്രഫ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം. ഹരികുമാർ പൂതങ്കര, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ദേവകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി, മണ്ഡലം പ്രസിഡന്റ് ബിജു മാത്യു, പഞ്ചായത്ത് പ്രസിഡന്റ് ഷാജി സാമുവൽ,കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം കെ.വി. തോമസ്കുട്ടി, നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. ജോസ്, മണ്ഡലം പ്രസിഡന്റ് സജി കളക്കാട്ട്, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് അജയൻപിള്ള എന്നിവർ പ്രസംഗിച്ചു.