എൻആർഇജി വർക്കേഴ്സ് യൂണിയൻ സമ്മേളനം തിരുവല്ലയിൽ
1338485
Tuesday, September 26, 2023 10:45 PM IST
തിരുവല്ല: എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം 29, 30 തീയതികളിൽ തിരുവല്ലയിൽ നടക്കും. 29ന് രാവിലെ ഒന്പതിന് മുത്തൂർ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി എസ്. രാജേന്ദ്രൻ, മുൻ മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്ക്, കെ.കെ. ശൈലജ തുടങ്ങിയവർ പ്രസംഗിക്കും. 650 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. രണ്ടുദിവസമായി നടക്കുന്ന പ്രതിനിധി സമ്മേളനം 30ന് ഉച്ചയ്ക്ക് സമാപിക്കും.
വിവിധ കേന്ദ്രങ്ങളിൽനിന്ന് ആരംഭിക്കുന്ന റാലി എസ്സിഎസ് ജംഗ്ഷനിൽ കേന്ദ്രീകരിച്ച് നഗരസഭ മൈതാനത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, വീണാ ജോർജ്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, മുൻ എംഎൽഎ രാജു ഏബ്രഹാം, കെ.യു. ജനീഷ് കുമാർ എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും.
റാലിയിൽ ഒരു ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾ അണിനിരക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.