മിത്രപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്
1338473
Tuesday, September 26, 2023 10:41 PM IST
അടൂർ: എംസി റോഡിൽ മിത്രപുരത്ത് കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് യാത്രക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടം.
മറ്റൊരു വാഹനത്തെ മറികടന്നുവന്ന ഫാസ്റ്റ് പാസഞ്ചർ ബസിൽ എതിർദിശയിൽ വന്ന ടോറസ് ലോറിയിടിച്ചാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗം പൂർണമായി ഇളകിമാറി. ഓടിക്കൂടിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കൊട്ടാരക്കരയിൽനിന്നു കോട്ടയത്തേക്കു പോയ തിരുവല്ല ഡിപ്പോയിലെ കെഎസ്ആർടിസി ബസും ഗുജറാത്തിൽനിന്ന് തിരുവനന്തപുരത്തേക്കു ചരക്കുമായി വന്ന ടോറസ് ലോറിയുണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് എംസി റോഡിൽ ഗതാഗതം തടസപ്പെട്ടിരുന്നു.
പരിക്കേറ്റ കെഎസ്ആർടിസി ബസ് ഡ്രൈവർ കവിയൂർ കോട്ടൂർ ബ്രിജേഷ് ഭവനിൽ ബ്രിജേഷ് (44), ബസ് യാത്രക്കാരായ പത്തനാപുരം പാതിരിക്കൽ പ്രഭാ മന്ദിരം അനിൽകുമാർ (58), പുലിയൂർ വേങ്ങല തറയിൽ ജോസ് (40), പുനലൂർ നരിക്കൽ ബഥേൽ നെസ്റ്റിൽ ബിജി ജോൺ (51), മല്ലപ്പള്ളി എംജെ മൻസിലിൽ നിഷ (43), തൃശൂർ കുരിയച്ചിറ ചുങ്കത്ത് റപ്പായി (60), പറന്തൽ ജോബിൻ വില്ലയിൽ ശോശാമ്മ ഡാനിയേൽ (57) ലോറിയിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശി വൈഭവ് (30) എന്നിവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് യാത്രക്കാരായിരുന്ന കൊട്ടാരക്കര സ്വദേശികളായ കണ്ണൻ (50), ഇവാൻ (19), ആലുവ മഞ്ഞാടിയിൽ അശ്വിൻ (21) എന്നിവരെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.