ജില്ലയില്‍ രണ്ടു നഴ്സിംഗ് കോളജുകള്‍; പ്രവേശന നടപടികള്‍ ആരംഭിച്ചു
1338222
Monday, September 25, 2023 9:50 PM IST
പത്തനംതിട്ട: ജില്ലയില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ നഴ്സിംഗ് കോളജിലേക്കും എല്‍ബിഎസ് നിയന്ത്രണത്തിലുള്ള സിമെറ്റ് നഴ്സിംഗ് കോളജിലേക്കുമുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. സിപാസ് നിയന്ത്രണത്തില്‍ ഒരു നഴ്സിംഗ് കോളജ് കൂടി ഇത്തവണ തന്നെയുണ്ടാകുമെന്ന സൂചനയുമുണ്ട്.
ഇതാദ്യമായാണ് പൂര്‍ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു നഴ്സിംഗ് കോളജ് പത്തനംതിട്ടയില്‍ വരുന്നത്. പത്തനംതിട്ട ടൗണ്‍ കേന്ദ്രമാക്കി തുടങ്ങുന്ന നഴ്സിംഗ് കോളജിനു കോ-ഓപ്പറേറ്റീവ് കോളജ് താത്കാലിക പഠന കേന്ദ്രമാകും. മേഫെയര്‍ ലോഡ്ജായിരിക്കും ഹോസ്റ്റൽ.
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കാമ്പസില്‍ അനുവദിച്ചിട്ടുള്ള പുതിയ നഴ്സിംഗ് കോളജ് സിമെറ്റിന്റെ (സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ടെക്നോളജി) നിയന്ത്രണത്തിലാകും. ആറാമത്തെ അലോട്ട്മെന്റ് പട്ടിക ഇന്നു പുറത്തുവരുന്നതോടെ കുട്ടികള്‍ക്കു പുതിയ നഴ്സിംഗ് കോളജുകളില്‍ അഡ്മിഷന് എടുത്തു തുടങ്ങാം.
എന്നാല്‍ പത്തനംതിട്ടയിലും കോന്നിയിലും ഇതിനുള്ള പ്രാഥമിക നടപടികള്‍ നടന്നുവരുന്നതേയുള്ളൂ. സി പാസിന്റെ നിയന്ത്രണത്തില്‍ തന്നെ സീതത്തോട്ടില്‍ പുതിയ ഒരു നഴ്സിംഗ് കോളജിനു നിര്‍ദേശമുണ്ട്. 30 സീറ്റുകളാണ് സീതത്തോട്ടില്‍ ലഭിക്കുകയെന്നാണ് സൂചന.
ബിഎസ്സി നഴ്സിംഗ് പഠനത്തിന് നിലവില്‍ പത്തനംതിട്ട ചുട്ടിപ്പാറ കേന്ദ്രീകരിച്ച് സിപാസിന്റെ നിയന്ത്രണത്തിലുള്ള നഴ്സിംഗ് കോളജ് മാത്രമാണ് ഭാഗികമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത്. 25 സീറ്റുകളാണ് ചുട്ടിപ്പാറ നഴ്സിംഗ് കോളജിലുള്ളത്. ഇലന്തൂരില്‍ ഒരു നഴ്സിംഗ് സ്കൂളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനറല്‍ നഴ്സിംഗ് പഠനമാണ് ഇവിടെയുള്ളത്. എന്നാല്‍ സ്വാശ്രയ മേഖലയില്‍ നിരവധി സ്ഥാപനങ്ങള്‍ ജില്ലയില്‍ മെച്ചപ്പെട്ട നിലയില്‍ ബിഎസ്സി നഴ്സിംഗ് പഠനം നടത്തുന്നുണ്ട്. സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളുള്‍പ്പെടെ സ്വാശ്രയ കോളജുകളില്‍ ലഭ്യവുമാണ്.
60 വീതം സീറ്റുകള്‍
പുതുതായി തുടങ്ങുന്ന രണ്ടു കോളജുകളിലും 60 വീതം സീറ്റുകളുണ്ടാകും. ഗവണ്മെന്റ് നഴ്സിംഗ് കോളജിലെ 60 സീറ്റുകളിലും സംവരണ തത്വങ്ങള്‍ പാലിച്ചുകൊണ്ട് അലോട്ട്മെന്റ് നടത്തും.
സിമെറ്റിന്റെ കോന്നി നഴ്സിംഗ് കോളജില്‍ ഒമ്പത് സീറ്റുകള്‍ എന്‍ആര്‍ഐ വിഭാഗത്തിനാണ്. ബാക്കിയുള്ളവയില്‍ സര്‍ക്കാര്‍ പട്ടികയില്‍നിന്ന് അലോട്ട്മെന്റ് നടത്തും.
നഴ്സിംഗ് പ്രവേശനത്തിനുള്ള അലോട്ട്മെന്റ് പട്ടിക ഏതാണ്ട് അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് പുതിയ കോളജുകള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. നാളെ ആരംഭിക്കുന്ന ആറാമത്തെ അലോട്ട്മെന്റ് മുതല്‍ ഈ കോളജുകളെ കൂടി ഉള്‍പ്പെടുത്താനാണ് അനുമതി നല്‍കിയത്. ഇതനുസരിച്ച് അഞ്ചു പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളജുകളിലായി 400 സീറ്റുകള്‍ ലഭിക്കും. സിമെറ്റിന്റെ പുതിയ ആറു കോളജുകളിലായി 360 സീറ്റുകളും രണ്ടു സ്വാശ്രയ കോളജുകളിലായി 40 സീറ്റുകളും അനുവദിച്ചിട്ടുണ്ട്.
ആറാമത്തെ അലോട്ട്മെന്റിന് ഓപ്ഷന് നല്‍കാനുള്ള തീയതി ഇന്നലെ അവസാനിച്ചുവെങ്കിലും പ്രവേശന നടപടികള്‍ ഒക്ടോബർ 31 വരെ തുടരാന്‍ അഖിലേന്ത്യ നഴ്സിംഗ് കൗണ്‍സില്‍ അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതനുസരിച്ച് നിലവില്‍ മറ്റ് നഴ്സിംഗ് കോളജുകളില്‍ അഡ്മിഷന് എടുത്തിട്ടുള്ള കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ പുതുതായി തുടങ്ങുന്ന നഴ്സിംഗ് കോളജുകളിലേക്ക് മാറാന്‍ അവസരം ലഭിക്കും.
സീറ്റുകള്‍ ഒഴിവാകും
പ്ലസ്ടു ഫലം വന്നു മാസങ്ങള്‍ കഴിഞ്ഞതിനാല്‍ സംസ്ഥാനത്തെ നഴ്സിംഗ് പ്രവേശനത്തിനു പതിയ കോളജുകള്‍ ഉള്‍പ്പെടുത്തി അലോട്ട്മെന്റ് നടത്തുന്നതു പ്രഹസനമാകുമെന്നും ആക്ഷേപം. നിലവിലെ പ്രവേശന നടപടികള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് പുതിയ കോളജുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് സമയക്രമം നീട്ടി നല്‍കിയത്.
പുതിയ കോളജുകളെ ഉള്‍പ്പെടുത്തി ഇന്നു മുതല്‍ അടുത്ത ഘട്ടം പ്രവേശനം തുടങ്ങാനാണ് നിര്‍ദേശം. ആറാമത്തെ അലോട്ട്മെന്റ് പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിക്കുക. കോളജുകളിലേക്കു നാമമാത്ര അപേക്ഷകള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. പത്തനംതിട്ടയിലും കോന്നിയിലുമെല്ലാം ജനറല്‍ മെറിറ്റില്‍ അടക്കം സീറ്റുകള്‍ ലഭ്യമാകും.
കേരളത്തില്‍ പ്രവേശനം സാധ്യമല്ലെന്നു കണ്ടതോടെ കുട്ടികള്‍ ഏറെപ്പേരും ഇതര സംസ്ഥാനങ്ങളിലേക്കു പോയിക്കഴിഞ്ഞു. അവിടങ്ങളില്‍ ക്ലാസുകളും ആരംഭിച്ചതിനു പിന്നാലെയാണ് പുതിയ കോളജുകളുമായി സര്‍ക്കാരിന്റെ രംഗപ്രവേശം എന്നതും ശ്രദ്ധേയം.
പുതിയ കോളജുകള്‍ അനുവദിച്ചത് പ്രഖ്യാപനം മാത്രമാണ് പലയിടത്തും. താത്കാലിക സംവിധാനങ്ങളില്‍ സൗകര്യം ഒരുക്കിക്കൊണ്ട് ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം.