കോന്നി മെഡിക്കൽ കോളജിലെ രക്തബാങ്ക് നിർമാണം പൂർത്തിയായി
1338220
Monday, September 25, 2023 9:50 PM IST
കോന്നി: ഗവൺമെന്റ് മെഡിക്കൽ കോളജിൽ രക്ത ബാങ്ക് നിർമാണം പൂർത്തിയായി. കിഫ്ബിയിൽ നിന്ന് അനുവദിച്ച 1.28 കോടി രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള രക്തബാങ്ക് സജ്ജമാക്കിയിരിക്കുന്നത്. നിർമാണം പൂർത്തീകരിച്ച രക്തബാങ്ക് കെ.യു. ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു. കേരള ഡ്രഗ് കൺട്രോളറിൽ നിന്നു ലൈസൻസ് ലഭിച്ചാൽ പ്രവർത്തനം ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു. ഇതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.
രക്തത്തിൽ നിന്നു ഘടകങ്ങൾ വേർതിരിക്കുന്നതിന് 45 ലക്ഷം രൂപ വില വരുന്ന ക്രയോഫ്യൂജ്, എലിസ പ്രൊസസർ ഉൾപ്പെടെ 22 അത്യാധുനിക ഉപകരണങ്ങളാണ് രക്തബാങ്കിൽ സജ്ജമാക്കിയിട്ടുള്ളത്. രക്തം ശേഖരിക്കുന്നതിനുള്ള ശീതീകരണ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടും. രക്തത്തിലെ ആന്റിജനും ആന്റി ബോഡിയും വേർതിരിച്ച് രക്തഗ്രൂപ്പ് നിർണയിക്കുന്നതിനുള്ള ജെൽ കാർഡ് സെൻട്രി ഫ്യൂജ് രണ്ടെണ്ണെവും രക്തം എടുക്കാൻ ഉപയോഗിക്കുന്ന ബ്ലഡ് കളക്ഷൻ മോണിട്ടേഴ്സ് മൂന്നെണ്ണവും ഒരുക്കിയിട്ടുണ്ട്. നിലവിൽ രക്തം സൂക്ഷിക്കുന്നതിനുള്ള ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് സൗകര്യവുമുണ്ട്.
പ്രിൻസിപ്പൽ ഡോ. ആർ.എസ്. നിഷ, സൂപ്രണ്ട് ഇൻചാർജ് ഡോ. ഷാജി അങ്കൻ, ബയോമെഡിക്കൽ എൻജിനിയർ രാജേഷ്, എച്ച്എൽഎൽ സീനിയർ മാനേജർ രതീഷ് കുമാർ തുടങ്ങിയവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.
ഓപ്പറേഷൻ തിയേറ്ററുകൾ
നിർമാണം അവസാനഘട്ടത്തിൽ
അഞ്ച് ഓപ്പറേഷൻ തിയേറ്ററുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. കെഎംഎസ് സിഎല്ലിനാണ് നിർമാണച്ചുമതല. രണ്ടാഴ്ചയ്ക്കുള്ളിൽ പണികൾ പൂർത്തീകരിക്കണമെന്ന് എംഎൽഎ നിർദേശം നൽകി. കുട്ടികളുടെ ഐസിയു നിർമാണം പൂർത്തിയായിട്ടുണ്ട്. ആരോഗ്യ കേരളം ഫണ്ടിൽ നിന്നു 16 ലക്ഷം രൂപ ഉപയോഗിച്ച് എച്ച്എൽഎല്ലാണ് നിർമാണം പൂർത്തിയാക്കിയത്.
സർജിക്കൽ, മെഡിക്കൽ ഐസിയുകളുടെ നിർമാണപ്രവർത്തനങ്ങൾ ഈ ആഴ്ച ആരംഭിക്കാൻ എംഎൽഎ നിർദേശിച്ചു. മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ നിർമാണം പൂർത്തിയായി. പ്ലാന്റിൽ നിന്നു പൈപ്പ് ലൈനിലൂടെയാണ് ഓക്സിജൻ ഓപ്പറേഷൻ തിയേറ്ററിലും ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലും എത്തിക്കുന്നത്.
ലക്ഷ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഗൈനക്കോളജി വിഭാഗത്തിന്റെ നിർമാണം തുടങ്ങിയിട്ടുണ്ട്. ഗൈനക്കോളജി ഓപ്പറേഷൻ തിയേറ്റർ, ഡെലിവറി റൂം, വാർഡ് തുടങ്ങിയവ അത്യാധുനിക രീതിയിലാണ് സജ്ജീകരിക്കുന്നത്. ഇതിനായി ആരോഗ്യ കേരളത്തിൽ നിന്നു 3.3 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
രക്തബാങ്ക് വരുന്നതോടെ ഓപ്പറേഷനുകൾ നടത്താനാകും. അത്യാഹിത വിഭാഗവും ഇതോടെ പ്രവർത്തനസജ്ജമാക്കാനാകുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം പിന്നിടുകയും എംബിബിഎസിന്റെ രണ്ടാമത്തെ ബാച്ച് തുടങ്ങുകയും ചെയ്തിട്ടും മെഡിക്കൽ കോളജിൽ ചികിത്സാ സംവിധാനങ്ങൾ കാര്യക്ഷമമാക്കാനായിരുന്നില്ല. നിലവിൽ ഒപി മാത്രമാണ് സജീവമായിട്ടുള്ളത്.