ഡ്രൈവിംഗ് സ്കൂളുകളുടെ സഹകരണ സംഘം: തുടക്കത്തിലേ ഗുരുതര ക്രമക്കേട്
1337285
Thursday, September 21, 2023 11:54 PM IST
പത്തനംതിട്ട: സിഐടിയു നിയന്ത്രണത്തിലുള്ള ഡിസ്ട്രിക്ട് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് സോഷ്യൽ വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം തുടക്കത്തിലേ പാളി.
കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ നയം പ്രകാരം ഡ്രൈവിംഗ് പരിശീലനത്തിനടക്കം മെച്ചപ്പെട്ട സൗകര്യങ്ങളുള്ള കേന്ദ്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ചേർന്ന് 2020ൽ സഹകരണ സംഘത്തിനും അനുബന്ധമായി പണമിടപാടു സ്ഥാപനത്തിനും തുടക്കമായത്.
എന്നാൽ, സംഘത്തിന്റെ പ്രവർത്തനം സുതാര്യമല്ലെന്നും വൻ സാമ്പത്തിക ക്രമക്കേടാണ് രണ്ടുവർഷത്തെ പ്രവർത്തനത്തിനിടെ ഉണ്ടായതെന്നും ഭരണസമിതിയംഗം ഉൾപ്പെടെ ആരോപിച്ചു.
സിഐടിയു നേതാവു കൂടിയായ സംഘം പ്രസിഡന്റ് സ്വന്തം താത്പര്യങ്ങൾക്കനുസരിച്ച് ധനവിനിയോഗം നടത്തുകയാണ്. സൊസൈറ്റിയുടെ യഥാർഥ ആസ്തി വിവരങ്ങൾ പോലും പുറത്തുവന്നിട്ടില്ല. അംഗങ്ങളായി ചേർന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ തങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വാഹനങ്ങൾ സൊസൈറ്റിയുടെ പേരിലേക്ക് മാറ്റിയിരുന്നു.
കോന്നി മാമ്മൂട് കേന്ദ്രമായി 2020 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച സംഘമാണിത്. 38 ഓളം ഓഹരി ഉടമകളുള്ളതിൽ ഡ്രൈവിംഗ് സ്കൂളുകളും ഉൾപ്പെടും. ചിട്ടിയിൽ ചേർന്നവർക്ക് പണം നൽകിയിട്ടില്ല.
ബോർഡ് യോഗങ്ങളിൽ സംഘത്തിലെ അഴിമതി ചോദ്യം ചെയ്യുന്നവരെ പുറത്താക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. സിഐടിയു അംഗങ്ങൾ തന്നെയാണ് സംഘത്തിനെതിരേ ആരോപണവുമായി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമായി. പാർട്ടിതലത്തിലും സംഘടനയിലും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഇവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കൊടുത്ത പണം ഇല്ല
പതിമൂന്നുലക്ഷത്തിൽ അധികം രൂപയാണ് ബോർഡ് അംഗങ്ങൾ അടക്കമുള്ളവർ സൊസൈറ്റിയിൽ ഓഹരിയായി നല്കിയിരിയ്ക്കുന്നത്. എന്നാൽ ഈ പണത്തിനു യാതൊരു രേഖകളും ഇല്ല. പണം അടച്ച രസീതുകളിൽ സീലോ ബന്ധപ്പെട്ടവരുടെ ഒപ്പോ ഇല്ല. പണം തിരികെ നൽകാനും തയാറല്ല.
കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. സംഘവുമായി ബന്ധപ്പെട്ട് നടത്തിയ ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതരമായ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ഓഹരി ഉടമകളായ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നൽകിയ വാഹനങ്ങൾ ഉപയോഗിച്ച് സൊസൈറ്റിക്കുവേണ്ടി വായ്പ എടുത്തതായും കണ്ടെത്തുണ്ട്.
ഓഹരി ഉടമകളെ സംബന്ധിച്ച രേഖകൾ സൊസൈറ്റിയിൽ ഇല്ല. ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങിയിട്ടുള്ളതായി പറയുന്നു. മൂന്നു ലക്ഷത്തോളം രൂപ ഒരാളിൽ നിന്നുതന്നെ വാങ്ങിയിട്ടുണ്ട്. നിക്ഷേപക ഗാരണ്ടി സ്കീമിൽ അംഗത്വം എടുക്കാതെ നിക്ഷേപം സ്വീകരിച്ചതായും കണ്ടെത്തി.
സഹകരണ ജോയിന്റ് രജിസ്ട്രാറുടെ അനുമതി ഇല്ലാതെയാണ് നിക്ഷേപം സ്വീകരിച്ചത്. സംഘം സ്റ്റേറ്റ്മെന്റുകൾ ഒന്നും തന്നെ കൃത്യമായും വ്യക്തമായും രേഖപ്പെടുത്തിയിട്ടില്ല. 80,000 രൂപയും അതിൽ അധികവുമാണ് പലരുടെയും ഓഹരികൾ.
ഇക്കാര്യങ്ങളെല്ലാം ഓഡിറ്റ് റിപ്പോർട്ടുകളിൽ പരാമർശിച്ചിട്ടുണ്ട്. ഭരണസമിതിയംഗം ആർ. രാധാമണി, സൊസൈറ്റി അംഗങ്ങളായ എ. ശ്രീവിശാഖ്, പി.എസ്. സാംകുട്ടി, എം.കെ. രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.