മൈലപ്ര ബാങ്ക് ക്രമക്കേട് മൈലപ്ര മുൻ സെക്രട്ടറിയുമായി ക്രൈംബ്രാഞ്ച് തെളിവെടുത്തു
1337282
Thursday, September 21, 2023 11:54 PM IST
പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തെളിവെടുപ്പിനെത്തിച്ചു.
ബാങ്കിന്റെ സഹോദര സ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയിലേക്കു ഗോതമ്പ് വാങ്ങിയതില്‍ 3.94 കോടിയുടെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് എടുത്ത കേസിലാണ് ജോഷ്വാ മാത്യുവിനെ കഴിഞ്ഞ 12ന് അറസ്റ്റ് ചെയ്തു റിമാൻഡിലാക്കിയത്.
അന്വേഷണസംഘം നൽകിയ അപേക്ഷയിൽ ജോഷ്വാ മാത്യുവിനെ തെളിവെടുപ്പിനായി ഇന്നലെയാണ് അഞ്ചുദിവസത്തേക്കു ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുള്‍ റഹിമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ ഉച്ചകഴിഞ്ഞ് മൈലപ്ര സഹകരണ ബാങ്കിലെത്തിച്ചു.
പ്രതിയുമായി രണ്ടര മണിക്കൂറോളം അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. മുൻ സെക്രട്ടറിയെ ബാങ്കിൽ എത്തിക്കുമെന്നറിഞ്ഞ് പണം നഷ്ടപ്പെട്ട സ്ത്രീകളടക്കമുള്ള നിക്ഷേപകരിൽ പലരും ബാങ്കിലെത്തിയിരുന്നു. ഇതോടെ കൂടുതൽ പോലീസുമെത്തി.
ജോഷ്വായെ പുറത്തേക്ക് ഇറക്കുന്നതിനിടെ ഒരു വിഭാഗം കയർത്തുകൊണ്ടു പാഞ്ഞടുത്തു. പോലീസ് ഇവരെ നിയന്ത്രിച്ചു നിറുത്തിയ ശേഷമാണ് ജോഷ്വാ മാത്യുവിനെ ബാങ്കിനുള്ളിലേക്കു കൊണ്ടു പോയത്. എല്ലാം പിന്നെപ്പറയാമെന്ന് പറഞ്ഞാണ് ജോഷ്വാ മാത്യു വാഹനത്തിലേക്ക് കയറിയത്.
ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കൾക്കു പങ്കില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് ജോഷ്വാ മാത്യു മറുപടി നൽകി. ബാങ്ക് ഹെഡ് ഓഫീസിലെ രേഖകൾ ക്രൈംബ്രാഞ്ച് സംഘം ജോഷ്വായുടെ സാന്നിധ്യത്തിൽ പരിശോധിച്ചു. പണം നഷ്ടമായതിൽ തനിക്കു പങ്കില്ലെന്ന മൊഴിയാണ് ജോഷ്വ ആവർത്തിച്ചത്.
മൈഫുഡ് റോളർ ഫാക്ടറിയുമായി ബന്ധപ്പെട്ട രേഖകൾ ബാങ്കിലെത്തിയ സംഘം പരിശോധിച്ചു. ഇന്നു ബാങ്കിലെ മുൻ ജീവനക്കാരുടെ സാന്നിധ്യത്തിൽ ജോഷ്വാ മാത്യുവിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും.