പുല്ലാട്ടെ കൊലപാതകം: അറസ്റ്റിലായ മോൻസിയുമായി പോലീസ് തെളിവെടുപ്പ്
1337046
Wednesday, September 20, 2023 11:29 PM IST
പുല്ലാട്: പുല്ലാട് ഐരക്കാവ് പാറക്കൽ പ്രദീപ് കുമാർ (40) കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ കോയിപ്രം വരയന്നൂർ കല്ലുങ്കൽ മോൻസി(46)യെ സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുത്തു. കൊലപ്പെടുത്താനുപയോഗിച്ച കത്തി, കൊല്ലപ്പെട്ട പ്രദീപിന്റെ വീടിനുപിന്നിലെ ആൾത്താമസമില്ലാത്ത പുരയിടത്തിലെ കുറ്റിക്കാട്ടിൽ നിന്നു തെളിവെടുപ്പിനിടെ കണ്ടെടുത്തു. കത്തിയുടെ പിടി കടലാസിൽ പൊതിഞ്ഞനിലയിലായിരുന്നു.
കൊലപാതകസമയത്ത് ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്നതും പോലീസ് കണ്ടെത്തി. തെളിവെടുപ്പിനുശേഷം മോൻസിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പുല്ലാട് മത്സ്യക്കച്ചവടം ചെയ്യുന്ന മോൻസിയും കൊല്ലപ്പെട്ട പ്രദീപും മുമ്പ് സുഹൃത്തുക്കളായിരുന്നു. മോൻസിയുടെ ഭാര്യയ്ക്ക് കൊല്ലപ്പെട്ട പ്രദീപുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
പ്രദീപിന്റെ കുമ്പനാട് ഐരക്കാവിലുള്ള വീടിന്റെ സമീപം തിങ്കളാഴ്ച രാത്രി 8.30ന് മോൻസി എത്തുന്പോൾ മോൻസിയുടെ ഭാര്യയുമായി ഇയാൾ ഫോണിൽ സ്പീക്കറിൽ സംസാരിക്കുന്നത്
കേട്ടതായി പറയുന്നു. പക മൂത്ത മോൻസി വീടിനു സമീപത്തുള്ള മുളങ്കാടിൽ, ഒളിച്ചുവച്ച കത്തിയുമായി വീടിന്റെ ഭിത്തിക്ക് മറഞ്ഞു ചെന്ന് പ്രദീപിന്റെ പുറത്ത് ആഞ്ഞു കുത്തുകയായിരുന്നു. പ്രാണരക്ഷാർഥം വീടിനുമുന്നിലെ ചതുപ്പുനിലത്തേക്ക് പ്രദീപ് ഓടിയപ്പോഴേക്കും, ഇയാൾ പിന്തുടർന്നെത്തി. ചതുപ്പിൽ കമഴ്ന്നുവീണപ്പോൾ പുറത്തും വയറ്റിലും ആഴത്തിൽ പലതവണ കുത്തി മുറിവേൽപിച്ചു. പത്ത് മിനിറ്റോളം തോളിൽ വലതുകാൽ കൊണ്ട് ചവുട്ടിപ്പിടിച്ച് മരണമുറപ്പിക്കും വരെ കാക്കുകയും ചെയ്തതായും ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ചൊവ്വാഴ്ച്ച രാവിലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോയിപ്രം പോലീസ് തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. ശാസ്ത്രീയ അന്വേഷണസംഘവും, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. വീടിനു സമീപത്തെ ശ്മശാനത്തിൽ നിന്നു വൈകുന്നേരം മോൻസിയെ കസ്റ്റഡിയിലെടുത്തു.
തന്റെ കുടുംബം നശിപ്പിച്ച പ്രദീപിനെ കൊന്നശേഷം, തന്റെ ഭാര്യയേയും കൊല്ലാനായിരുന്നു ഉദ്ദേശിച്ചതെന്ന് ഇയാൾ പറഞ്ഞതായി പോലീസ് അറിയിച്ചു. പ്രദീപിനെ കൊലപ്പെടുത്താൻ നേരത്തെയും പദ്ധതിയിട്ടിരുന്നു.
മദ്യലഹരിയിൽ ശല്യംചെയ്യുന്നതുമായി ബന്ധപ്പെട്ട് മോൻസിക്കെതിരേ ഭാര്യയുടെയും പരിസരവാസികളുടെയും പരാതികളും നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു.
തിരുവല്ല ഡിവൈഎസ്പി എ. അഷദിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ്ഐ ജി. ഉണ്ണികൃഷ്ണൻ, എഎസ്ഐമാരായ സുധീഷ്, ഷിറാസ്, ബിജു, എസ്സിപിഒ ഷബാന അഹമ്മദ്, സിപിഒ സുജിത് എന്നിവരാണ് സംഘത്തിലുള്ളത്.