നെടുന്പ്രം കുടുംബശ്രീ ക്രമക്കേട്: കുറ്റക്കാർക്കെതിരേ നടപടി വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
1336818
Wednesday, September 20, 2023 12:08 AM IST
തിരുവല്ല: നെടുന്പ്രം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ ക്രിമിനൽ കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും അപഹരിച്ച തുക വീണ്ടെടുക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയിൽ പുളിക്കീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബിജെപി നേതൃത്വം നൽകുന്ന 2015ലെ ഭരണ സമിതി നിലനിൽക്കുമ്പോൾ കുടുംബശ്രീ ഓഡിറ്റ് നടപടികൾ കാര്യക്ഷമമല്ലായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് കുറ്റപ്പെടുത്തി. ക്രൈസിസ് ഫണ്ട് അടക്കം തിരിച്ചടയ്ക്കാത്തതുൾപ്പെടെയുള്ള വിഷയങ്ങളിൽ അന്നത്തെ ബിജെപി ഭരണസമിതി ഒരു ചെറുവിരൽ പോലുമനക്കാതെ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നിട്ടിപ്പോൾ ഗൗരവതരമായ കുറ്റങ്ങൾ മനസിലാക്കി നടപടി സ്വീകരിക്കാൻ തയാറായ എൽഡിഎഫ് നേതൃത്വം നൽകുന്ന ഭരണസമിതിയേയും സിപിഎമ്മിനെയും അപകീർത്തിപ്പെടുത്താനാണ് തെറ്റുകൾക്ക് കൂട്ടുനിന്നവർ ശ്രമിക്കുന്നത്.
2015 മുതലുള്ള ഒട്ടേറെ രേഖകൾ കാണാനില്ലാത്തത് ദുരൂഹമാണ്. നിലവിലെ ഭരണ സമിതി വന്നതിനു ശേഷവും മുൻ പ്രസിഡന്റ് പേര് വച്ച് മേൽനോട്ട സമിതി ചേർന്നതായി രേഖകൾ ഉണ്ടാക്കിയതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
2020ന് മുന്പേ ആരംഭിക്കാൻ നിശ്ചയിച്ച മാർക്കറ്റിംഗ് ഔട്ട്ലെറ്റുമായി ബന്ധപ്പെട്ട് ചില വസ്തുതകൾ അടക്കം ക്രമക്കേടുകൾ ഭരണസമിതിയുടെ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ വിശദമായ പരിശോധനയുടെ ആവശ്യകത ജില്ലാ മിഷൻ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയത് എൽഡിഎഫ് ഭരണ നേതൃത്വമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് 2018 ഏപ്രിൽ ഒന്നു മുതൽ 2023 മാർച്ച് 31 വരെയുള്ള ഓഡിറ്റാണ് ഇപ്പോൾ നടത്തിയതെന്നും പ്രസിഡന്റ് പറഞ്ഞു.