പണിതുടങ്ങി, പിന്നാലെ പൈപ്പും പൊട്ടി
1336817
Wednesday, September 20, 2023 12:08 AM IST
പത്തനംതിട്ട: നഗരമധ്യത്തിലൂടെയുള്ള റോഡുകളിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. മാസങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷമാണ് റോഡുകളിൽ കുഴി അടയ്ക്കൽ ആരംഭിച്ചത്. ആദ്യ കരാറുകാരൻ ജോലി പാതിവഴിയിൽ ഉപേക്ഷിച്ചതോടെ പൊട്ടിപ്പൊളിഞ്ഞ നഗരറോഡുകൾ യാത്രക്കാർക്കു യാതനയായി മാറിയിട്ടും നാളുകളായി. പുതുതായി കരാർ നൽകി നേരത്തെ എടുത്ത കുഴികൾ പൂർണമായി മൂടി ടാറിംഗ് നടത്തുന്ന ജോലികളാണ് ഇന്നലെ ആരംഭിച്ചത്. അബാൻ ജംഗ്ഷനിൽ നിന്നാണ് ജോലികൾ ആരംഭിച്ചിട്ടുള്ളത്.
നഗരത്തിലെ കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ 12 കോടി രൂപയാണ് കിഫ്ബിയിൽ നിന്നു ലഭിച്ചത്. ലോട്ടസ് എന്ന കമ്പനിയാണ് കരാർ എടുത്തത്. ഒന്പതു മാസമായിരുന്നു കാലാവധി. കുമ്പഴ മുതൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ വരെ സംസ്ഥാനപാതയായ ടികെ റോഡിന്റെ വശങ്ങളിൽ കരാറുകാരൻ കുഴിയെടുത്തു. കൂടാതെ പോസ്റ്റ് ഓഫീസ് റോഡിൽ സ്റ്റേഡിയം ജംഗ്ഷൻ വരെയും ടൗൺ വെട്ടിപ്പുറം റോഡിലും കരാറുകാരൻ പൈപ്പ് ലൈൻ സ്ഥാപിച്ചു.
വലഞ്ഞത് യാത്രക്കാർ
കരാർ കാലാവധിക്കുള്ളിൽ പണിപൂർത്തിയാക്കാതെ വന്നതോടെയാണ് ബുദ്ധിമുട്ടുകളേറിയത്. മഴയും പെയ്തതോടെ ചെളിയും വെള്ളക്കെട്ടും വാഹനങ്ങളെയും കാൽനടയാത്രക്കാരെയും ഒരേപോലെ ബാധിച്ചു.
ലോട്ടസ് കമ്പനിക്കു നിരവധിതവണ ജലവിഭവ വകുപ്പ് കരാർ നീട്ടി നൽകി. പണിയിൽ പുരോഗതി ഇല്ലാതെ വന്നതോടെ ലോട്ടസ് കമ്പനിയുടെ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയർമാൻ ജലവിഭവ മന്ത്രിക്കു കത്ത് നൽകി. ജില്ലാ വികസനസമിതി യോഗത്തിലും പലപ്രാവശ്യം ഈ ആവശ്യം ഉന്നയിച്ചു.
കരാറുകാരനെ കരിമ്പട്ടികയിൽപെടുത്തണമെന്നു നഗരസഭ കൗൺസിലും ആവശ്യപ്പെട്ടു. കരാറുകാരനെ ക്രിമിനൽ വിചാരണ ചെയ്യാനുള്ള നഗരസഭാ സെക്രട്ടറിയുടെ ഹർജി പത്തനംതിട്ട ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് ഫയലിൽ സ്വീകരിച്ച് തുടർ നടപടികൾ ആരംഭിച്ചിരുന്നു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു നഗരസഭ കരാറുകാരനെതിരെ ക്രിമിനൽ പ്രോസിക്യൂഷനിലേക്കു നീങ്ങുന്നത്. ഇതിനിടെ മണ്ഡലത്തിന്റെ എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജും വിഷയത്തിൽ ഇടപെട്ടു. ആരോഗ്യ, ജലവിഭവ മന്ത്രിമാർ സംയുക്തയോഗം ചേർന്നു കരാറുകാരന് പലതവണ അന്ത്യശാസനം നൽകി. സമ്മർദ്ദം ശക്തമായതോടെ ജല അഥോറിറ്റി കരാറുകാരനെ പുറത്താക്കി.
നിർമാണം പുതിയ കരാറിൽ
പുതിയ കരാർ പ്രകാരമാണ് ഇപ്പോൾ റോഡ് പുനർനിർമാണം ആരംഭിച്ചിട്ടുള്ളത്. കാലാവസ്ഥ അനുകൂലമായി നിന്നാൽ രണ്ടാഴ്ചക്കുള്ളിൽ റോഡ് പൂർവസ്ഥിതിയിലാക്കുമെന്നു ജല അഥോറിറ്റി ഉറപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ, നിർമാണം ആരംഭിച്ചതിനു പിന്നാലെ പൈപ്പ് പൊട്ടിയത് പണികളെ സാരമായി ബാധിക്കും. പൈപ്പുകൾ മാറ്റിയിട്ട് മണ്ണിട്ടു മൂടിയതിന്റെ മുകൾ ഭാഗത്തുനിന്ന് രണ്ട് അടിയോളം മണ്ണ് നീക്കം ചെയ്ത് മിശ്രിതമിട്ട് ഉറപ്പിക്കുന്ന ജോലിയാണ് ഇന്നലെ ആരംഭിച്ചത്. ഇതിനുശേഷമേ ടാറിംഗ് ആരംഭിക്കുകയുള്ളൂ. മഴ മാറിയെങ്കിൽ മാത്രമേ ടാറിംഗ് നടത്താനാകൂവെന്നു കരാറുകാരനായ തോമസുകുട്ടി തേവരുമുറിയിൽ പറഞ്ഞു.
ഗതാഗതം ക്രമീകരിക്കും
നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ട്രാഫിക് ക്രമീകരണങ്ങൾ വരുത്താൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അധ്യക്ഷൻ കൂടിയായ നഗരസഭ ചെയർമാൻ പോലീസിനു നിർദേശം നൽകി. വ്യാപാര സ്ഥാപനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകതിരിക്കാൻ നിർമാണത്തിനായി ഓരോ ദിവസവും എടുക്കുന്ന കുഴികൾ അന്നുതന്നെ നികത്തി ഗതാഗതയോഗ്യമാക്കണമെന്നും ചെയർമാൻ കരാറുകാരനോടു നിർദേശിച്ചു.
ജലവിഭവ, പൊതുമരാമത്ത് വകുപ്പുകൾ കക്ഷികൾ ആയിട്ടുള്ള നിർമാണ പ്രവർത്തനത്തിൽ നഗരസഭയ്ക്ക് നേരിട്ട് ബന്ധം ഇല്ലെങ്കിലും ജനകീയ പ്രശ്നം എന്ന നിലയിലാണ് നഗരസഭ ഇടപെട്ടതെന്ന് ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.