പദ്ധതിവിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധവുമായി ഭരണസമിതികൾ
1336559
Monday, September 18, 2023 11:18 PM IST
കോഴഞ്ചേരി: തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരേ കൂടുതൽ ഭരണസമിതികൾ പ്രതിഷേധവുമായി രംഗത്ത്.
സാന്പത്തികവർഷം പകുതിയിലെത്തിയപ്പോഴും പദ്ധതി വിഹിതം നൽകാതെയും നിലവിലെ വിഹിതത്തിൽ വെട്ടിക്കുറവു വരുത്തിയും താഴെത്തട്ടിലുള്ള വികസനപ്രവർത്തനങ്ങളെ തുരങ്കംവയ്ക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്ന ആരോപണവുമായി യുഡിഎഫ്, ബിജെപി ജനപ്രതിനിധികൾ രംഗത്തെത്തി. പരസ്യ നിലപാട് സ്വീകരിക്കാൻ മടിക്കുന്നുണ്ടെങ്കിലും എൽഡിഎഫ് നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ഭരണസമിതികളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
എന്നാൽ, പരസ്യ പ്രതികരണത്തിന് എൽഡിഎഫ് തയാറായിട്ടില്ല. പഞ്ചായത്തുകളിൽ നിലനിൽക്കുന്ന വികസനസ്തംഭനത്തിനെതിരേ പ്രതിപക്ഷ കക്ഷികൾ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
മറുപടിയില്ല
പദ്ധതിവിഹിതത്തിന്റെ 40 മുതല്‍ 60 ശതമാനം വരെയുള്ള തുകയാണ് ഓരോ പഞ്ചായത്തിലും വെട്ടിക്കുറച്ചിരിക്കുന്നത്. ഇതുമൂലം ഗ്രാമപഞ്ചായത്തുവാര്ഡുകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നില്ല.
ഇപ്പോഴത്തെ കണക്കനുസരിച്ച് സര്‍ക്കാര്‍ നല്കുന്ന പദ്ധതിവിഹിതം 16 മുതല്‍ 17 വരെ വാര്‍ഡുകളുള്ള പഞ്ചായത്തുകളില്‍ ഒരു വാര്‍ഡിന് നാലുലക്ഷം രൂപ മാത്രമേ ലഭിക്കുകയുള്ളൂ. ഈ തുകയും പഞ്ചായത്തിലെ തനതുഫണ്ടിലെ തുകയും ചേര്‍ത്താല്‍പോലും പത്തുലക്ഷം രൂപയില്‍ താഴെമാത്രമേ വരികയുള്ളൂ. ഇതുകൊണ്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ ഒരു റോഡിന്റെപോലും നിര്‍മാണം പോലും പൂര്‍ത്തീകരിക്കാന്‍ കഴിയുകയില്ലെന്ന് മെംബർമാർ ചൂണ്ടിക്കാട്ടി.
തനതു ഫണ്ട് കുറവുള്ള പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍തന്നെ നിലച്ച മട്ടുമാണ്.
കോയിപ്രത്തിന് 85 ലക്ഷം മാത്രം
ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തിലെ കുറവ് ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികളെയാണ് സാരമായി ബാധിക്കുക. ഇതാണ് മെംബർമാരെ ചൊടിപ്പിച്ചത്.
17 വാര്‍ഡുകളുള്ള കോയിപ്രം ഗ്രാമപഞ്ചായത്തിലെ 2023-24 വാര്‍ഷിക പദ്ധതിയില്‍ റോഡ് മെയിന്റനന്‍സ് ഗ്രാന്റായി 3. 40 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് മെംബര്‍മാര്‍ തങ്ങളുടെ വാര്‍ഡിലെ റോഡുകളുടെ നവീകരണത്തിനുള്ള എസ്റ്റിമേറ്റും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ചു നിര്‍വഹണ അനുവാദവും ലഭിച്ചപ്പോഴാണ് നിർമാണം നിര്‍ത്തിവയ്ക്കണമെന്നും മെയിന്റനന്‍സ് ഗ്രാന്റായി 85 ലക്ഷം രൂപ മാത്രമേ അനുവദിക്കാന്‍ കഴിയൂ എന്ന തരത്തില്‍ സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചത്. പുതിയ വാര്‍ഷിക മെയിന്റനന്‍സ് ഗ്രാന്റ് അനുസരിച്ച് ഒരു വാര്‍ഡില്‍ അഞ്ചു ലക്ഷം രൂപയുടെ നിർമാണ പ്രവര്ത്തനങ്ങള്മാത്രമേ നടത്താന്‍ കഴിയുകയുള്ളൂ.
കേന്ദ്രവിഹിതം മാത്രം ബിജെപി
കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ ഫിനാന്‍സ് ഗ്രാന്റല് നിന്നും ശുചിത്വ മേഖലയ്ക്കും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ലഭിച്ചിട്ടുള്ള 90 ലക്ഷം രൂപയില്‍ നിന്നും 30 ലക്ഷം രൂപ 17 വാര്‍ഡിലെ റോഡ് നവീകരണത്തിനായി മാറ്റിവച്ചിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം മാത്രമാണ് ഗ്രാമപഞ്ചായത്തുകള്‍ക്കു സഹായകരമായിട്ടുള്ളതെന്നും കോയിപ്രത്ത് ബിജെപി അംഗങ്ങൾ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വെട്ടിക്കുറച്ചതുമൂലമാണ് പഞ്ചായത്തിന്റെ വികസനം മുരടിച്ചിരിക്കുന്നതെന്നുംപഞ്ചായത്തിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് ഇക്കാര്യങ്ങൾ വിശദീകരിക്കാനുള്ള പദ്ധതിക്ക് ബിജെപി രൂപം കൊടുത്തിരിക്കുകയാണെന്നും മെംബർ പി. ഉണ്ണികൃഷ്ണന് പറഞ്ഞു.
പ്രമേയത്തിനെതിരേ സിപിഎം
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതികളിൽ പ്രമേയങ്ങൾ അവതരിപ്പിച്ച് പാസാക്കുന്നതിനെതിരേ സിപിഎം. പദ്ധതി വിഹിതം വെട്ടിക്കുറച്ചതിന്റെ പേരിൽ പ്രമേയം പാസാക്കുന്നതു സംസ്ഥാന ഭരണത്തിനെതിരാകുമെന്നതിനാൽ ഇതിനെ അനുകൂലിക്കരുതെന്ന നിർദേശമാണ് സിപിഎം ഭരണസമിതികൾക്കു നൽകിയിരിക്കുന്നത്. കഴിഞ്ഞദിവസം അയിരൂർ ഗ്രാമപഞ്ചായത്തിൽ പ്രതിപക്ഷാംഗം അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചിരുന്നു.
എന്നാൽ ഇതു പ്രമേയമായി കണക്കാക്കില്ലെന്നും പദ്ധതി വിഹിതം പുനഃസ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചുകൊണ്ടുള്ള കത്താണെന്നും സിപിഎം മറുവിശദീകരണം നടത്തിയിട്ടുണ്ട്. അയിരൂരിലെ കേരള കോൺഗ്രസ് പ്രതിനിധിയും സ്ഥിരം സമിതി അധ്യക്ഷനുമായ സാംകുട്ടി അയ്യക്കാവിലാണ് പ്രമേയം അവതരിപ്പിച്ചത്. ഇത് അംഗീകരിച്ച വാർത്ത 'ദീപിക' റിപ്പോർട്ട് ചെയ്തിരുന്നു.