അടൂരിൽ പോലീസ് സ്റ്റേഷനുകളുടെ അതിർത്തി തർക്കം
1336554
Monday, September 18, 2023 11:18 PM IST
അടൂർ: പോലീസ് സ്റ്റേഷനുകളുടെ അതിർത്തി തർക്കം അടൂരിലെ സാധാരണക്കാർക്ക് ബുദ്ധിമുട്ടായി. അടിയന്തര ഘട്ടത്തിൽ അടൂർ താലൂക്കിലെ ഏതു പോലീസ് സ്റ്റേഷനെയാണ് തങ്ങൾ സമീപിക്കേണ്ടതെന്ന സംശയം ആളുകൾക്കുണ്ട്.
ഏനാത്ത്, അടൂർ, കൊടുമൺ, പന്തളം പോലീസ് സ്റ്റേഷനുകളാണ് അടൂർ താലൂക്കിലുള്ളത്. ഇവയുടെ അതിർത്തികൾ തമ്മിൽ വേർതിരിച്ച് അറിയുന്ന സുചന ബോർഡുകൾ ഏങ്ങുമില്ല. ചില സ്റ്റേഷനുകൾക്ക് വില്ലേജും വാർഡുകളും അതിർത്തികളായപ്പോൾ പോലീസുകാർക്കും ആശയക്കുഴപ്പമുണ്ട്. ഇക്കാരണത്താൽ ഒരിടത്ത് എത്തുന്നവരെ ഉദ്യോഗസ്ഥർ മറ്റു പോലീസ് സ്റ്റേഷനുകളിലേക്ക് പറഞ്ഞുവിടേണ്ടിവരുന്നു.
കടമ്പനാട്,ഏറത്ത്, ഏഴംകുളം, ഏനാദിമംഗലം മംഗലം വില്ലേജുകളിൽ അടൂർ, ഏനാത്ത് പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന വാർഡുകൾ ഉണ്ട്.
എന്നാൽ, ഏതു ഭാഗം മുതലാണ് പരസ്പരം വേർതിരിക്കുന്നതെന്ന് ആളുകൾക്ക് വ്യക്തമല്ല.അപകടങ്ങളും അത്യാഹിതങ്ങളും ഉണ്ടാകുന്പോൾ പുറമേനിന്നു ബന്ധപ്പെടുന്ന ഒരാൾക്ക് അതിലേറെ ആശയക്കുഴപ്പവുമാകും.
അതേ അവസ്ഥ തന്നെയാണ് പന്തളം തെക്കേക്കര വില്ലേജിലുമുള്ളത്. പന്തളം, കൊടുമൺ സ്റ്റേഷനുകൾ വേർതിരിച്ച് ബോർഡില്ല. പ്രധാന ശബരിമല പാതകളിൽ എങ്ങും തന്നെ പോലീസ് സ്റ്റേഷനുകളേതെന്നു രേഖപ്പെടുത്തിയിട്ടുള്ള ഇല്ല. ദേശീയപാത കടന്നു പോകുന്ന ശാസ്താംകോട്ട -അടൂർ-തട്ട -പത്തനംതിട്ട റൂട്ടിൽ കൈപ്പട്ടൂർ തെക്കേ കുരിശ് മുതൽ അടൂർ വരെ ഒന്നിലേറെ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളുണ്ട്. എന്നാൽ അതിർത്തികൾ വേർതിരിച്ച ബോർഡുകളില്ല.
നിരന്തരം അപകടം നടക്കുന്ന എംസി റോഡിലെ സ്ഥിതിയും മറിച്ചല്ല. പോലീസ് സ്റ്റേഷനുകളുടെ അതിർത്തികളിൽ ടെലിഫോൺ നന്പർ ഉൾപ്പെടെയുള്ള ബോർഡുകൾ സ്ഥാപിച്ചു പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് ആവശ്യം.
ഈ ആവശ്യം ഉന്നയിച്ച് ഏറത്ത് പഞ്ചായത്ത് അരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അനിൽ പൂതക്കുഴി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.