പോലീസ് വാഹനം കടയിലേക്ക് ഇടിച്ചു കയറി; ഓടിച്ചത് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി
1336553
Monday, September 18, 2023 11:18 PM IST
പത്തനംതിട്ട: കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കടയിൽ ഇടിച്ചു കയറി. കുമ്പഴ വടക്ക് മാർത്തോമ്മ പള്ളിക്കു സമീപം ഞായറാഴ്ച രാത്രി 10.45 നാണ് അപകടം. ഇടിയെത്തുടർന്ന് ജീപ്പിന്റെ മുൻവശം തകർന്നിട്ടുണ്ട്. ഷട്ടറിട്ട കട മുറിക്കും നാശം സംഭവിച്ചു.
കടയ്ക്കു മുന്പിലെ കൈവരികളും ഇടിച്ച് തകർത്തിട്ടുണ്ട്. വാഹനം ഓടിച്ച ഡിവൈഎസ്പി പരിക്കേൽക്കാതെ രക്ഷപെട്ടു. അപകടം നടന്നയുടനെ നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു. ഡിവൈഎസ്പി അനിൽ കുമാർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.
സ്ഥലത്തെത്തിയ പോലീസ് സംഘം പ്രാഥമിക പരിശോധനകൾ പോലും നടത്താതെ വാഹനം മാറ്റിയത് പ്രദേശവാസികൾക്കിടയിൽ പ്രതിഷേധത്തിനു കാരണമായി. എതിർദിശയിൽനിന്നും വന്ന ഇരുചക്രവാഹനത്തിന്റെ വെളിച്ചത്തിൽ കാഴ്ച മറച്ചതാണ് അപകടത്തിനു കാരണമെന്നാണ് ഡിവൈഎസ്പി പറയുന്നത്.
ഇന്നലെ തിരുവനന്തപുരം കോടതിയിലെ ഒരു കേസുമായി ബന്ധപ്പെട്ട ആവശ്യത്തിനു പോകവേയാണ് അപകടം നടന്നതെന്നു പറയുന്നു. കടയുടമ പോലീസിൽ പരാതി നൽകിയിട്ടില്ല. കട മുറിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ധാരണയിലെത്തുകയായിരുന്നു.
സംസ്ഥാന പാതയിൽ
എഐ കാമറകളില്ല
പത്തനംതിട്ട: സംസ്ഥാന പാതയായ പുനലൂർ-മൂവാറ്റുപുഴ റോഡിൽ തിരക്ക് വർധിച്ചിട്ടും വേഗനിയന്ത്രണത്തിനായി സംവിധാനങ്ങളില്ല. എഐ കാമറകൾ പ്രധാന ടൗണുകളോടു ചേർന്നു മാത്രമാണുള്ളത്. ഞായറാഴ്ച രാത്രി ഡിവൈഎസ്പിയുടെ വാഹനം അപകടത്തിൽപെട്ട സ്ഥലത്ത് വാഹനങ്ങൾ അമിതവേഗത്തിലാണ് പായുന്നത്.