ചങ്ങനാശേരി അതിരൂപത നൂറുമേനി മഹാസംഗമം ഇന്ന്
1301388
Friday, June 9, 2023 11:00 PM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തില്‍ അതിരൂപതയിലെ 3000 കുടുംബ കൂട്ടായ്മകളില്‍ സംഘടിപ്പിച്ച നൂറുമേനി ദൈവവചന മനഃപാഠ മത്സരത്തിലെ വിജയികളുടെ മഹാസംഗമം ഇന്നു രാവിലെ ഒന്‍പതു മുതല്‍ എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കും. സംഗമത്തിന്റെ ഉദ്ഘാടനവും നൂറുമേനി സീസൺ ടൂ പ്രഖ്യാപനവും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മുന്‍ ഡിജിപി സിബി മാത്യൂസ്, സിനി ആര്‍ട്ടിസ്റ്റും സിനിമ സംവിധായകനുമായ ജോണി ആന്റണി, അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റ് കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, നൂറുമേനി ചെയര്മാന് സണ്ണി തോമസ് ഇടിമണ്ണിക്കല്‍, വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, ഫാ. ആന്റണി എത്തയ്ക്കാട്ട്, ഡോ. റൂബിള്‍ രാജ്, ഡോ.പി.സി. അനിയന്‍കുഞ്ഞ് തുടങ്ങിയവര്‍ പ്രസംഗിക്കും.
സമ്മേളനത്തില്‍ രണ്ടായിരത്തോളം വിജയികള്‍ പങ്കെടുക്കും. ഇടവക തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചവര്‍, വ്യക്തിപരമായി നൂറു മാര്‍ക്കോ അതിലധികമോ ലഭിച്ചവര്‍, അതിരൂപതാതല വിജയികള്‍ എന്നിവര്‍ മഹാസംഗമത്തില്‍ പങ്കുചേര്‍ന്ന് സമ്മാനങ്ങള്‍ ഏറ്റുവാങ്ങും. കോട്ടയം കാൻഡില്‍ ബാൻഡ് നയിക്കുന്ന മ്യൂസിക് ബാന്റും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ഗ്രാൻഡ് ഫിനാലെ: പറപ്പള്ളി
കുടുംബത്തിന് ഒന്നാംസ്ഥാനം
ഇന്നലെ നടന്ന നൂറുമേനി ഗ്രാന്‍ഡ് ഫിനാലെ ഓഡിയോ വിഷ്വല്‍ മെഗാ മത്സരത്തില്‍ കുട്ടനാട് റീജണിലെ കായല്‍പുറം സെന്റ് ജോസഫ് ഇടവകയിലെ കൊച്ചുറാണി സിബിച്ചന് പറപ്പള്ളി ആന്‍ഡ് ഫാമിലി ഒന്നാം സ്ഥാനവും ചങ്ങനാശേരി റീജണിലെ സെന്റ് മേരീസ് പാറേല്‍ ഇടവക ടി.ടി. ജോണ്‍ കുംഭവേലില്‍ ആന്‍ഡ് ഫാമിലി രണ്ടാം സ്ഥാനവും തിരുവനന്തപുരം റീജണിലെ പൊങ്ങുംമൂട് സെന്റ് അല്‍ഫോന്‍സ ഇടവക കെ.കെ. തോമസ് കുരിശുംമൂട്ടില്‍ ആന്‍ഡ് ഫാമിലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നാലാം സ്ഥാനം സിമി സെബാസ്റ്റ്യന്‍ മങ്ങോട്ട് ആന്‍ഡ് ഫാമിലിയും സുമ ജോസ് മുരിങ്ങമറ്റം ആന്‍ഡ് ഫാമിലിയും പങ്കിട്ടു. വ്യക്തിഗത മത്സരത്തില്‍ ലില്ലി ജേക്കബ് കോച്ചേരിപ്പടവില് ഒന്നാം സ്ഥാനം നേടി.