മാനസികാരോഗ്യത്തിനു മുൻഗണന അനിവാര്യം: ജേക്കബ് പുന്നൂസ്
1301387
Friday, June 9, 2023 11:00 PM IST
തിരുവല്ല: മാനസികാരോഗ്യ പ്രശ്നങ്ങൾക്കു മുൻഗണന നൽകിയാൽ സമൂഹത്തിൽ വർധിച്ചു വരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നു മുൻ ഡിജിപി ജേക്കബ് പുന്നൂസ്. പുഷ്പഗിരി മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ തൃശൂർ മെഡിക്കൽ കോളജിലെ ഹൗസ് സർജനായ ഡോ. എ.കെ അരവിന്ദിന് കമ്യൂണിറ്റി സൈക്യാട്രിയിലെ മികവിന് ഡോ. കെ.വി. ജേക്കബ് സ്മാരക സ്വർണ മെഡൽ സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
മാനസികാരോഗ്യ പ്രശ്നങ്ങൾ കേരളീയ സമൂഹത്തിൽ പെരുകുകയാണ്. കലഹം, കുടുംബ വഴക്ക്, ആത്മഹത്യ, അമിത മദ്യപാനം, രാസലഹരി ഉപയോഗം എന്നിവയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിവസവും പത്രത്തിൽ. മാനസികാരോഗ്യത്തിനു മുൻഗണന നൽകി ഈ പ്രശ്നങ്ങളെ മറികടക്കാനാകും.
വിവിധ മെഡിക്കൽ കോളജുകളിൽ ഒന്നാം സ്ഥാനക്കാരായ മറ്റ് 10 ഹൗസ് സർജന്മാർക്ക് മെറിറ്റ് അവാർഡും നൽകി. പുഷ്പഗിരി മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. റോയി ഏബ്രഹാം കള്ളിവയലിൽ അധ്യക്ഷത വഹിച്ചു. സിഇഒ ഫാ. ജോസ് കല്ലുമാലിക്കൽ, കോട്ടയം മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, ഡോ. ഏബ്രഹാം വർഗീസ്, ഡോ. ജി. വിജയലക്ഷ്മി, ഡോ. എം.ഒ. അന്നമ്മ, ഡോ. ജോയ്സ് ജിയോ എന്നിവർ പ്രസംഗിച്ചു.