ജില്ലയിൽ 730 സ്കൂളുകൾ; കൗൺസിലർമാർ 47 മാത്രം
1301386
Friday, June 9, 2023 11:00 PM IST
പത്തനംതിട്ട: പൊതുവിദ്യാലയങ്ങളിലെ കുട്ടികളുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കങ്ങളും പഠന പ്രശ്നങ്ങളും വർധിച്ചുവരുന്പോഴും കൗൺസിലർമാരുടെ നിയമനത്തിൽ അനാസ്ഥ.
ജില്ലയിലെ 730 വിദ്യാലയങ്ങൾക്കായി നിയമിച്ചിട്ടുള്ളത് 47 കൗൺസിലർമാരെയാണ്. 47 കൗൺസിലർ തസ്തിക മാത്രമാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളതെന്നും അത്രയും നിയമനം നടന്നതായും അധികൃതർ പറയുന്നു.
സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൗൺസലിംഗ് പരിപാടി ആരംഭിച്ചത്. ആവശ്യാനുസരണം സൈക്കോ സോഷ്യൽ കൗൺസിലർമാരെ ഈ ആവശ്യത്തിലേക്കു നിയമിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവും നൽകിയിരുന്നു. എല്ലാ സ്കൂളുകളുമായി ബന്ധപ്പെട്ടും കൗൺസിലർമാർ ഉണ്ടാകണമെന്നായിരുന്നു ഉത്തരവ്.
നിയമനം വനിതാ
ശിശുവികസന
വകുപ്പിൽനിന്ന്
വനിത ശിശുവികസന വകുപ്പിൽനിന്നാണ് ജില്ലയിലെ സ്കൂളുകളിലേക്കു കൗൺസിലർമാരെ നിയമിക്കുന്നത്.
കഴിഞ്ഞ നാലു വർഷമായി നിയമനം നടക്കുന്നില്ല. വീടുകളിലും പുറത്തും കുട്ടികൾ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ ശാരീരിക ചൂഷണങ്ങൾ ഇവയ്ക്കെല്ലാം പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ നിയമനം. കൗൺസലിംഗ് കൂടാതെ കുട്ടികൾക്കു മാനസിക പിന്തുണ നൽകുന്ന നിരന്തരമായ ഇടപെടൽ ഉണ്ടാകണമെന്നും കരിയർ ഗൈഡൻസ് നൽകണമെന്നും നിർദേശമുള്ളതാണ്. ഒരു ലക്ഷത്തോളം വരുന്ന കുട്ടികൾക്കാണ് നിലവിൽ 47 കൗൺസിലർമാരുള്ളത്. കുട്ടികളുടെ എണ്ണവും കൗൺസിലർമാരുടെ അനുപാതവും നിശ്ചയിച്ചു നൽകിയിട്ടില്ലെന്നും അധികൃതർ പറയുന്നു.
ചികിത്സാ
സൗകര്യങ്ങളുമില്ല
കുട്ടികളുടെ തുടർ മാനസിക ചികിത്സയ്ക്കാവശ്യമായ സംവിധാനങ്ങളും പത്തനംതിട്ട ജില്ലയിൽ ഇല്ല.
പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി, അടൂർ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ മാനസികാരോഗ്യ വിദഗ്ധന്റെ സേവനംകൂടി ലഭ്യമാക്കേണ്ടതാണ്.
എന്നാൽ, കോഴഞ്ചേരിയിൽ മാത്രമാണ് ഈ തസ്തികയുള്ളത്. കുട്ടികൾക്കാവശ്യമായ തുടർ ചികിത്സകൾ കൃത്യമായി ലഭിക്കാൻ സംവിധാനമില്ല. സ്വകാര്യ ആശുപത്രികളെയോ തിരുവനന്തപുരത്തെ സർക്കാർ ആശുപത്രികളെയോ ആണ് പിന്നീട് ആശ്രയിക്കുന്നത്.
സ്കൂളുകളിലും
സൗകര്യങ്ങളില്ല
സ്കൂളുകളിൽ കുട്ടികൾക്കു കൗൺസലിംഗ് നൽകാനുള്ള സൗകര്യങ്ങളും ഇല്ല. രഹസ്യസ്വഭാവം നിലനിർത്തേണ്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്പോൾ പ്രത്യേകമായ മുറി കൗൺസിലർമാർക്കു വേണ്ടതാണ്. മിക്ക സർക്കാർ സ്കൂളുകളിലും ഇതിനാവശ്യമായ സൗകര്യമില്ല. ലൈബ്രറികളോ കംപ്യൂട്ടർ ലാബിലോ സ്റ്റാഫ് റൂമിലോ ഒക്കെയാണ് കൗൺസിലർമാർ എത്തുന്പോൾ ഇരിക്കുന്നത്. പരിചയക്കാരുടെ മധ്യത്തിൽ കുട്ടികൾ തുറന്നു പറയാൻ മടി കാട്ടാറുണ്ട്.
ലഹരിവലയിൽ 46 സ്കൂളുകളെന്ന്
ഇന്റലിജൻസ് റിപ്പോർട്ട്
പോലീസ് രഹസ്യാന്വേഷണ റിപ്പോർട്ട് പ്രകാരം ലഹരിമാഫിയയുടെ വലയിൽപെട്ട സ്കൂളുകൾ ജില്ലയിലുമുണ്ട്.
46 സ്കൂളുകളിൽ ലഹരിമാഫിയയുടെ നിരന്തരമായ ശല്യം ഉണ്ടാകുന്നതായാണ് റിപ്പോർട്ട്. സംസ്ഥാനത്ത് 1057 സ്കൂളുകളാണ് ഈ പട്ടികയിലുള്ളത്. കുട്ടികളെ കാരിയറായി വില്പന നടത്തുന്ന സംഘമാണ് സ്കൂളുകൾ കേന്ദ്രീകരിച്ചിട്ടുള്ളത്. പെൺകുട്ടികളും ഇവരുടെ വലയിൽ വീണിട്ടുണ്ട്.
സ്കൂളുകളുടെ പരിസരത്തെ കടകൾ ഇവർ താവളമാക്കാറുള്ളതായും റിപ്പോർട്ടിൽ പറയുന്നു. എക്സൈസ് ലഹരി വിമുക്തി പരിപാടിയിലെ കൗൺസലിംഗിലൂടെയും കുട്ടികളിൽനിന്നു വിവരങ്ങൾ തേടിയിരുന്നു.