രണ്ടുപേരെക്കൂടി കാപ്പാ നിയമപ്രകാരം നാടുകടത്തി
1301384
Friday, June 9, 2023 11:00 PM IST
പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ പറക്കോട് മറ്റത്ത് കിഴക്കേതിൽ വീട്ടിൽ അക്ബർ അലി(32), പെരിങ്ങനാട് പള്ളിക്കൽ ചേന്നമ്പള്ളി ശ്രീരാമകൃഷ്ണ ആശ്രമത്തിന് സമീപം വിജി നിവാസിൽ വിജിലാൽ(32) എന്നിവരെ കാപ്പ (കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ) നിയമപ്രകാരം ആറു മാസത്തേക്ക് ജില്ലയിൽ നിന്നു നാടുകടത്തി.
ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ. നിശാന്തിനിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും നാടുകടത്തിയത്. കൊലപാതകം, നരഹത്യാശ്രമം, നിരോധിത മയക്കുമരുന്ന് പുകയില ഉത്പന്നങ്ങൾ കൈവശംവയ്ക്കൽ, സർക്കാർ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപിക്കൽ തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളാണ് ഇരുവരും.
സാമാന്യജീവിതത്തിന് ഭീഷണിയാകുംവിധം കുറ്റകൃത്യങ്ങളിലും സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളിലും ഏർപ്പെട്ട് നിരന്തരം സമൂഹത്തിൽ ഭീതി സൃഷ്ടിച്ചുവരികയാണ് ഇരുവരുമെന്ന് ഉത്തരവിൽ പറയുന്നു. "അറിയപ്പെടുന്ന റൗഡി' ലിസ്റ്റിൽപ്പെട്ടവരാണ് ഇവർ.
അടൂർ ഡിവൈഎസ്പി ആർ. ജയരാജിന്റെ നിർദേശാനുസരണം പോലീസ് ഇൻസ്പെക്ടർ ശ്രീകുമാറാണ് ഇരുവർക്കുമെതിരെ നടപടികൾ സ്വീകരിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പതിനഞ്ചോളം ക്രിമിനലുകൾക്കെതിരെ കാപ്പാ നിയമപ്രകാരം അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടപടികൾ സ്വീകരിച്ചതായും അഞ്ചോളം കുറ്റവാളികൾക്കെതിരെ നടപടികൾ സ്വീകരിച്ചു വരുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.