മാലിന്യപ്പെരുമഴയിൽ നഗരവീഥികൾ
1301374
Friday, June 9, 2023 10:57 PM IST
പത്തനംതിട്ട: മഴ എത്തിയിട്ടും ജില്ലയിൽ മഴക്കാലപൂർവ മുന്നൊരുക്കങ്ങൾ എങ്ങുമെത്തിയില്ല. ഇതോടെ നാടെങ്ങും വെള്ളക്കെട്ടും മാലിന്യവും നിറഞ്ഞു. പകർച്ചവ്യാധികൾ പെരുകുന്പോഴും കൊട്ടിഘോഷിച്ച ശുചീകരണ പ്രവർത്തനം താളം തെറ്റിയ മട്ടാണ്. മലിനജലവും മാലിന്യങ്ങളും റോഡുകളിൽ നിരന്നൊഴുകുന്നു.
ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ റോഡുകൾ വെട്ടിപ്പൊളിച്ചിട്ടതു മൂലം മൊത്തം ചെളിക്കുളമാണ്. ഓടകളിലേക്കു വെള്ളം ഒഴുകാത്ത സാഹചര്യത്തിൽ മഴ പെയ്താൽ നഗരത്തിലുടനീളം വെള്ളക്കെട്ടാണ്. റോഡ് പണികൾ കാരണം കോന്നി ടൗണിലും സമാനമായ വിഷയങ്ങളുണ്ട്.
ഓടകളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കാത്തതു കാരണം മഴവെള്ളത്തോടൊപ്പം ഇതു പുറത്തേക്ക് ഒഴുകി കടകളിലേക്കും മറ്റും എത്തുന്നതും കാണാം.
പകർച്ചവ്യാധികളും
മാലിന്യ നിർമാർജനത്തിനായി നിരവധി പദ്ധതികളും ഹരിത കർമസേനയുമൊക്കെ ഉണ്ടെങ്കിലും മാലിന്യങ്ങൾ റോഡരികിൽത്തന്നെ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് . മാലിന്യനീക്കം പലേടത്തും ഇപ്പോഴും സാധാരണനിലയിൽത്തന്നെയാണ്. മഴക്കാലത്തിനു മുന്പായി ഇതു നീക്കം ചെയ്യാനും ഓടകൾ ശുചീകരിക്കാനും പദ്ധതിയുള്ളതാണ്. മഴക്കാല പൂർവ ശുചീകരണം പ്രഖ്യാപനത്തിലൊതുങ്ങിയതാണ് പ്രശ്നം വഷളാക്കിയത്.
ഡെങ്കി, എലിപ്പനി അടക്കമുള്ള രോഗങ്ങളും ജില്ലയിൽ വ്യാപകമാകുകയാണ്. മുൻവർഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ ഡെങ്കിയുടെ വർധന. മലിനജലത്തിലൂടെ ചവിട്ടിയാണ് സ്കൂൾ കുട്ടികളടക്കം യാത്ര ചെയ്യേണ്ടിവരുന്നത്. എലിപ്പനിയും ചർമരോഗങ്ങളും ഇതിലൂടെ പകരാനിടയുണ്ട്.
റോഡ്, പൈപ്പ്
പണികൾ തടസമായി
പ്രധാന നഗരങ്ങളിലടക്കം മഴക്കാലത്തിനു മുന്പായി റോഡുകളും ഓടകളും ശുചീകരിക്കുന്ന ജോലിക്കു പണികളാണ് തടസമായതെന്നാണ് വിശദീകരണം. പത്തനംതിട്ട നഗരത്തിൽ പൈപ്പ് മാറ്റിയിടുന്ന ജോലികൾ ജലഅഥോറിറ്റിയുടെ ചുമതലയിൽ നടന്നുവരികയാണ്. മഴക്കാലത്തിനു മുന്പായി പൂർത്തീകരിക്കേണ്ട പണികൾ ഇപ്പോഴും ഇഴയുകയാണ്. ഇതു മൂലം ബുദ്ധിമുട്ടുകൾ ഏറെ.
വ്യാപാരികൾ, വാഹനയാത്രികർ, കാൽനടക്കാർ ഇവരെല്ലാം ഇതിന്റെ ദുരിതം അനുഭവിക്കുന്നുണ്ട്. ഓടകളുടെ ശുചീകരണവും നടന്നില്ല. ഓടയ്ക്കു മീതെ സ്ലാബില്ലാത്തതു കാരണം കഴിഞ്ഞ ദിവസം വീട്ടമ്മ അപകടത്തിൽപെട്ടിരുന്നു.
റോഡും ഒാടയും
മഴയിൽ റോഡും ഓടയും തമ്മിൽ തിരിച്ചറിയാനാകാത്ത വിധം പലേടത്തും മുങ്ങിപ്പോകുന്നുണ്ട്. സ്ലാബില്ലാത്ത ഓടകൾ ഇതോടെ യാത്രക്കാർക്കു വീണ്ടും ഭീഷണിയായി മാറുകയാണ്.
പത്തനംതിട്ട- കടമ്മനിട്ട റോഡിൽ മേലെവെട്ടിപ്രം വരെ മാസങ്ങൾക്കു മുന്പേ ടാറിംഗിനായി പൊളിച്ചെങ്കിലും പണികളെങ്ങും എത്തിയില്ല. ഓടയില്ലാത്തതു കാരണം ഈ റോഡിലും വെള്ളക്കെട്ടു പതിവായി.
സ്റ്റേഡിയം ജംഗ്ഷനിൽനിന്നു നഗരത്തിലേക്കുള്ള വൺവേ റോഡും തകർന്നുകിടക്കുകയാണ്. അബാൻ മേൽപാലത്തിന്റെ തൂണുകളുടെ നിർമാണം നടക്കുന്ന റിംഗ് റോഡിലും വെള്ളക്കെട്ടും മാലിന്യങ്ങളും തലവേദനയാണ്.
കോന്നിയിലും
അശാസ്ത്രീയത
കോന്നി മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗത്തു പിഎം റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടിനു കാരണമാകുന്നത്.
പണികൾ നടന്നുകൊണ്ടിരിക്കേ ഓട നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയിരുന്നു. ഇതു പരിഹരിക്കാൻ കരാർ കന്പനിയോ കെഎസ്ടിപിയോ തയാറായിട്ടില്ല. മഴ പെയ്തതോടെ കെട്ടിക്കിടക്കുന്ന വെള്ളം റോഡരികിലെ കടകളിലേക്ക് ഒഴുകി ഇറങ്ങുകയാണ്. ഇതുമൂലമുണ്ടാകുന്ന നഷ്ടം ഏറെയാണ്.
റോഡരികിലെ മാലിന്യങ്ങൾ അടക്കമാണ് ഒഴുകിയെത്തുന്നത്. റോഡിലെ വെള്ളക്കെട്ട് വാഹനയാത്രക്കാർക്കു ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്.
മന്ത്രിമാരുടെ അന്ത്യശാസനത്തിനും പുല്ലുവില
അധ്യയനവർഷം തുടങ്ങുന്നതിനു മുന്പേ പത്തനംതിട്ടയിലെ റോഡുകളുടെ വശങ്ങളിലുള്ള മൺകൂനകൾ നീക്കംചെയ്തു പൊതുജനങ്ങൾക്കുള്ള അപകടസാധ്യത ഒഴിവാക്കണമെന്നു ജലവിഭവ വകുപ്പിനോട് നഗരസഭ ആവശ്യപ്പെട്ടിരുന്നു. ജലവിഭവ വകുപ്പിന്റെ അനാസ്ഥ മൂലം നഗരസഭ ആരോപണം നേരിടേണ്ടി വരുന്നതായി കൗൺസിൽ യോഗത്തിലും പരാതി ഉയർന്നിരുന്നു.
മേയ് 31നകം നിർമാണ ജോലി പൂർത്തീകരിക്കണമെന്നു വകുപ്പ് മന്ത്രി അന്ത്യശാസനം നൽകി. മൺകൂനകൾ നീക്കം ചെയ്തു വെറ്റ്മിക്സ് ഉപയോഗിച്ചു റോഡുകൾ ഗതാഗത യോഗ്യമാക്കാൻ കരാർ വ്യവസ്ഥകൾ പ്രകാരം കമ്പനിക്കു ബാധ്യതയുള്ളതാണ്.
മന്ത്രി വീണാ ജോർജ് ഇതുമായി ബന്ധപ്പെട്ടു പ്രത്യേക യോഗം വിളിച്ചു നിർദേശം നൽകിയിരുന്നു. യോഗങ്ങളിൽ തീരുമാനങ്ങളുണ്ടാകുന്നതല്ലാതെ നടപടി മുന്പോട്ടു നീങ്ങിയിട്ടില്ല.