പിടിവിട്ട് ഡെങ്കി പടരുന്നു...
1301115
Thursday, June 8, 2023 11:04 PM IST
പത്തനംതിട്ട: ജില്ലയില്‍ ഇക്കൊല്ലം ജനുവരി ഒന്നു മുതല്‍ ജൂണ്‍ എട്ടു വരെ 417 ഡെങ്കിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്തതായി ഡിഎംഒ ഡോ.എല്‍. അനിതാകുമാരി. രോഗവർധന അപകടകരമായ സാഹചര്യത്തിലാണ് നീങ്ങുന്നത്. ഇതിൽത്തന്നെ കഴിഞ്ഞ അഞ്ചു ദിവസങ്ങൾക്കുള്ളിൽ ലഭിച്ച കണക്ക് ഏറെ ഭയാനകമാണ്.
മേയ് അവസാനിക്കുന്പോൾ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം നൂറിൽ താഴെയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ സീതത്തോട് (51 രോഗികള്‍), അരുവാപ്പുലം (44 രോഗികള്‍), തണ്ണിത്തോട് (45 രോഗികള്‍), ആനിക്കാട് (24 രോഗികള്‍) എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് രോഗബാധ കൂടുതലായുളളത്.
കൊതുകിന്റെ കൂത്താടികളെ ഇല്ലാതാക്കുക എന്നതിലൂടെ മാത്രമേ ഡെങ്കിപ്പനിയെ നിയന്ത്രിക്കാനാകൂ.
നിയന്ത്രണ മാര്‍ഗങ്ങള്‍
ഡെങ്കി പരത്തുന്ന ഈഡിസി വിഭാഗത്തിൽപെട്ട കൊതുകിന്റെ കൂത്താടികളെ ഇല്ലാതാക്കുക എന്നതിലൂടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാകൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ഈഡിസ് കൊതുക് വെള്ളത്തിലല്ല വെള്ള നനവുളള വെള്ളത്തിനോടു ചേര്‍ന്ന ഭാഗത്താണ് മുട്ട നിക്ഷേപിക്കുന്നത്. വീട്ടില്‍ മണി പ്ലാന്റ് ഉള്‍പ്പെടെ വളര്‍ത്തുന്ന പാത്രങ്ങളില്‍ കൂത്താടി ഇല്ലെന്ന് ഉറപ്പാക്കുക.
റഫ്രിജറേറ്ററിന്റെ പുറംഭാഗത്തു വെള്ളം കെട്ടി നില്ക്കുന്ന ഭാഗം ആഴ്ചയില്‍ ഒരിക്കല്‍ പരിശോധിച്ച് കൊതുക് വളരുന്നില്ല എന്ന് ഉറപ്പാക്കുക. ഉപയോഗിക്കാതെയുളള മുറികളിലെ കക്കൂസിലെ വെള്ളം ഇടയ്ക്കിടെ ഫ്ളഷ് ചെയ്ത് മാറ്റുക. സണ്‍ഷെയ്ഡില്‍ വെള്ളം കെട്ടി നില്‍ക്കാതെ ഒഴുക്കിക്കളയുക. വീടിന്റെ പരിസരത്ത് ഉള്ള ചെറുകാടുകളിലാണ് കൊതുക് വിശ്രമിക്കുന്നത്. ഈ സാഹചര്യം ഒഴിവാക്കാനും കഴിയണം.
ഉറവിട നശീകരണം
ഡെങ്കിപ്പനി കേസുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ഉറവിടനശീകരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കും.
പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനം അവലോകനം ചെയ്യാനും ഏകോപിപ്പിക്കാനുമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തിരുവല്ല സബ് കളക്ടര്‍ സജ്ന നസറുദീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഇന്റര്‍ സെക്ടറല്‍ യോഗമാണ് തീരുമാനമെടുത്തത്.
സ്വയം സുരക്ഷ
തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ സ്വയം സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിക്കണം.
മാലിന്യസംസ്കരണം, പ്രാദേശികമായിട്ടുളള ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനും യോഗം വിലയിരുത്തി.
കുഷ്ഠരോഗം കണ്ടെത്താനുള്ള അശ്വമേധം 6.0 തുടങ്ങുന്നതിനും, മലേറിയ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം ഉറപ്പാക്കും. ഡിഎംഒ ഡോ.എല്‍.അനിതാകുമാരി, ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ.സി.എസ്. നന്ദിനി, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.