വീട്ടിൽക്കയറി സ്വർണവും പണവും അപഹരിച്ചയാൾ പിടിയിൽ
1301110
Thursday, June 8, 2023 11:04 PM IST
മല്ലപ്പള്ളി: കുന്നന്താനം പാമലയിൽ വീടിന്റെ അടുക്കളവാതിൽ തകർത്ത് പണവും സ്വർണവും വാഹനവും അപഹരിച്ച മോഷ്ടാവ് അറസ്റ്റിൽ. തിരുവനന്തപുരം ആറ്റിങ്ങൽ പ്ലാക്കോട്ടുകോണം ചരുവിള വീട്ടിൽ രതീഷിനെ(കണ്ണപ്പൻ - 35)യാണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്.
കുന്നന്താനം വടശേരിമണ്ണിൽ മനീഷ് പെരുമാൾ (34) കുടുംബവുമായി വാടകയ്ക്ക് താമസിക്കുന്ന ഇട്ടിക്കൽ പുത്തൻവീട്ടിൽ ഐപ്പ് തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ അടുക്കള വാതിൽ തകർത്ത് അകത്തുകയറിയ രതീഷ് 28,000 രൂപയും രണ്ടര പവനോളം സ്വർണാഭരരണങ്ങളും ആക്ടീവ സ്കൂട്ടറുമാണ് മോഷ്ടിച്ചത്.
സംഭവസമയത്ത് മനീഷും കുടുംബവും തടിയൂരുള്ള ഭാര്യാ വീട്ടിൽ ആയിരുന്നു. റോഡിലെ കാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രതീഷ് പിടിയിലായത്. മല്ലപ്പള്ളി സിഐ വിപിൻ ഗോപിനാഥ്, എസ്ഐ ബി. ആദർശ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് തിരുവനന്തപുരം ചിതറയിൽനിന്നു പ്രതിയെ പിടികൂടിയത്. മോഷണം, വധശ്രമം അടക്കമുള്ള നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ നേരത്തെയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.