മഴ: മുന്നിൽ പത്തനംതിട്ട
1301106
Thursday, June 8, 2023 11:01 PM IST
പത്തനംതിട്ട: കാലവർഷത്തിനു മുന്നോടിയായ പത്തനംതിട്ടയിൽ ശക്തം. കേരളത്തിൽ ഏറ്റവുമധികം മഴ ലഭിച്ചത് പത്തനംതിട്ടയിലാണ്. ബിപർ ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കഴിഞ്ഞദിവസം ജില്ലയിലുടനീളം കുളിർമഴ തന്നെ ലഭിച്ചു.
കഴിഞ്ഞ ഒന്നു മുതൽ എട്ടുവരെയുള്ള കണക്കിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചതും പത്തനംതിട്ട ജില്ലയിലാണ്. പ്രതീക്ഷിച്ചിരുന്നതിൽ രണ്ടു ശതമാനത്തിന്റെ കുറവ് മാത്രമാണ് പത്തനംതിട്ടയിലുള്ളത്. 131.8 മില്ലിമീറ്റർ മഴയാണ് പത്തനംതിട്ടയിൽ ഈ ദിവസങ്ങളിൽ ലഭിച്ചത്. 135 മില്ലി മീറ്ററായിരുന്നു പ്രതീക്ഷ. കൊല്ലം ഒഴികെയുള്ള ജില്ലകളിൽ പ്രതീക്ഷിച്ചിരുന്നതിലും 50 ശതമാനത്തിലധികം മഴയുടെ കുറവുണ്ട്. ഈ ദിവസങ്ങളിൽ സാധാരണ നിലയിൽ മഴ ലഭിച്ചതും പത്തനംതിട്ടയിലാണ്. കഴിഞ്ഞ മൂന്നു ദിവസമായി ജില്ലയിൽ മഞ്ഞ അലർട്ട് തുടരുകയുമാണ്.
മഴ പല ഭാഗങ്ങളിലും ശക്തമായിരുന്നെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മഴയ്ക്കൊപ്പമുള്ള കാറ്റിൽ ചില സ്ഥലങ്ങളിൽ മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞ് വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. മഴ ശക്തമായതിനു പിന്നാലെ മൂഴിയാർ സംഭരണിയിൽ ജലനിരപ്പുയർന്നതോടെ മുന്നറിയിപ്പ് നൽകിയിരുന്നു. റെഡ് അലെർട്ട് പ്രഖ്യാപിച്ചെങ്കിലും ഷട്ടർ തുറക്കേണ്ട സാഹചര്യമുണ്ടായില്ല.
ജില്ലയിൽ
98 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തി
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മഴമാപിനികളിൽ ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 98 മില്ലി മീറ്റർ മഴ വരെ രേഖപ്പെടുത്തി. വടശേരിക്കരയിലും അത്തിക്കയത്തുമാണ് 98 മില്ലി മീറ്റർ മഴ രേഖപ്പെടുത്തിയത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുള്ള അയിരൂർ കുരുടാമണ്ണിലെ മഴമാപിനിയിൽ 70.6 മില്ലിമീറ്ററും കോന്നിയിൽ 43.1 മില്ലി മീറ്ററുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ദുരന്തനിവാരണ അഥോറിറ്റി സ്ഥാപിച്ചിട്ടുള്ള ഇതര മഴ മാപിനികളിൽ പെരുന്തേനരുവിയിൽ 69.6, ഏനാദിമംഗലം 51.5, ചേത്തയ്ക്കൽ 52, ളാഹ 57, തുന്പമൺ താഴം 32, നാരങ്ങാനം 67, പത്തനംതിട്ട 50.6, ചെന്നീർക്കര 31, വെൺകുറിഞ്ഞി 47.5, ആങ്ങമൂഴി 53, നിലയ്ക്കൽ 36, തിരുവല്ല 16.4, കുന്നന്താനം 18 മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴയുടെ തോത് രേഖപ്പെടുത്തിയിട്ടുള്ളത്. ജലവൈദ്യുത പദ്ധതി പ്രദേശങ്ങളുടെ വൃഷ്ടിപ്രദേശത്ത് കക്കിയിൽ 22, പന്പ ഡാം 14 മൂഴിയാറിൽ 42.4 മില്ലിമീറ്ററുമാണ് മഴ പെയ്തത്.