നിരണം പഞ്ചായത്ത് പ്രസിഡന്റിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു
1300835
Wednesday, June 7, 2023 10:44 PM IST
പത്തനംതിട്ട: സാന്പത്തിക തട്ടിപ്പുക്കേസിൽ അറസ്റ്റിലായ നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പുന്നൂസിനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ അറിയിച്ചു.
ജർമൻ കന്പനിയുടെ ഡയറക്ടർ ബോർഡ് അംഗത്വം വാഗ്ദാനം ചെയ്ത് 56 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ എൺപതുകാരനായ പുന്നൂസിനെ കഴിഞ്ഞ ദിവസം വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച കോട്ടയത്ത് മറ്റൊരു തട്ടിപ്പുകേസിലും ഇയാൾ അറസ്റ്റിലായി. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു സാന്പത്തിക തട്ടിപ്പ് നടത്തിയതിനായിരുന്നു അറസ്റ്റ്. ആലത്തൂർ കോടതി കഴിഞ്ഞദിവസം പുന്നൂസിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മുന്പും സാന്പത്തിക തട്ടിപ്പുകേസിൽ കെ.പി. പുന്നൂസ് പ്രതിയായിട്ടുണ്ട്. കെപിസിസി നിർദേശപ്രകാരമാണ് പാർട്ടി നടപടിയെന്ന് ഡിസിസി പ്രസിഡന്റ് വിശദീകരിച്ചു.