സമരമരം നട്ട് സിൽവർ വിരുദ്ധ ജനകീയ സമിതി
1300598
Tuesday, June 6, 2023 10:48 PM IST
മല്ലപ്പള്ളി: പരിസ്ഥിതിദിനാചരണ പരിപാടികളോട് എന്തെങ്കിലും ആത്മാർഥത സർക്കാരിനുണ്ടെങ്കിൽ പരിസ്ഥിതിക്ക് വൻ വിനാശം വരുത്തുന്ന സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചുവെന്ന് പ്രഖ്യാപിക്കാൻ തയാറാകണമെന്നു കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഹ്വാനപ്രകാരം സമരമരം നടീൽ പരിപാടിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കുന്നന്താനം നടക്കലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി നടപ്പായാൽ കേരളത്തിലുണ്ടാകുന്ന വൻ പരിസ്ഥിതി വിനാശത്തെക്കുറിച്ച് പരിസ്ഥിതി ശാസ്ത്രജ്ഞരും വിവിധ മേഖലയിൽപെട്ട പ്രമുഖരും പറഞ്ഞതിനു പുറത്ത് ഇടതുപക്ഷത്തെ അനുകൂലിക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഇക്കാര്യങ്ങൾ അക്കമിട്ട് നിരത്തുന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ടെന്നു പുതുശേരി ചൂണ്ടിക്കാട്ടി.
സമിതി ജില്ലാ കൺവീനർ മുരുകേഷ് നടക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വി.ജെ. റെജി, സുരേഷ് സ്രാമ്പിക്കൽ, കെ.വി. മാത്യു, ടി.എസ്. എബ്രഹാം, ജെയിംസ് കാക്കനാട്ടിൽ, ടി.എം. മാത്യു, റിജോ മാമ്മൻ, രാധാ എസ്. നായർ, ഡി. രാധാമണി, കെ. സുധർമാദേവി, കെ.കെ. ജനാർദനൻ, ജോസ് വടക്കൻ പറമ്പിൽ, ജോസി കോശി, ഐപ്പ് പുലിപ്ര, പി.കെ. ശശിധരൻ എന്നിവർ പ്രസംഗിച്ചു.