പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തി ദിനാചരണം
1300374
Monday, June 5, 2023 11:07 PM IST
പത്തനംതിട്ട: പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ച വിവിധ പരിപാടികളോടെ നാടെങ്ങും വൃക്ഷത്തൈ നടീലും സെമിനാറുകളും. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്കൂളുകൾ, കോളജുകൾ, ഇതര സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ, വിവിധ സംഘടനകൾ എന്നിവ വിപുലമായ രീതിയിൽ പരിപാടികൾ ക്രമീകരിച്ചു. നൂറുകണക്കിനു വൃക്ഷത്തൈകളാണ് ഇന്നലെ വിവിധ ഭാഗങ്ങളിലായി നട്ടത്.
വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം തയാറാക്കിയ തൈകളുടെ വിതരണവും ഇന്നലെ ആരംഭിച്ചു. ഒരുമാസത്തോളം നീളുന്നതാണ് തൈ വിതരണം. ഫലവൃക്ഷത്തൈകളാണ് ഏറെയും വിതരണം ചെയ്തിട്ടുള്ളത്.
"ഹരിതം സുന്ദരം' പദ്ധതിയുമായി ബോധന
തിരുവല്ല: തിരുവല്ല അതിരൂപത സാമൂഹിക സേവന വിഭാഗമായ ബോധനയിൽ ലോക പരിസ്ഥിതി ദിനത്തിൽ "ഹരിതം സുന്ദരം' പദ്ധതി ഉദ്ഘാടനം ചെയ്തു.
തിരുവല്ല അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. സരസ് കുമാർ തിരുവല്ല മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജിന് ഫലവൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി 3,000 വൃക്ഷത്തൈകളുടെ സൗജന്യ വിതരണം, വിവിധ സ്കൂളുകളിൽ കാർഷിക സെമിനാർ, ക്വിസ് മത്സരം, ചിത്രരചന, പോസ്റ്റർ രചനാ മത്സരങ്ങളും നടത്തി.
അനുഗ്രഹയിൽ
പത്തനംതിട്ട: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പത്തനംതിട്ട രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ അനുഗ്രഹയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ രൂപത വികാരി ജനറാൾ മോൺ.
വർഗീസ് കാലായിൽ വടക്കേതിൽ വൃക്ഷത്തെ നട്ട് ഉദ്ഘാടനം ചെയ്തു. അനുഗ്രഹ ഡയറക്ടർ ഫാ.വ ർഗീസ് ചാമക്കാലായിൽ പരിസ്ഥിതിദിന സന്ദേശം നൽകി. അനുഗ്രഹ പ്രോജക്റ്റ് ഓഫീസർ സിസ്റ്റർ പവിത്ര എസ്ഐസി, തോംസൺ ജോൺ എന്നിവർ പ്രസംഗിച്ചു.
കെസിസി പരിസ്ഥിതിവാരം ഉദ്ഘാടനം ചെയ്തു
തിരുവല്ല: പ്രകൃതിയുടെ താളം കാത്തുസൂക്ഷിക്കുക മാനവധര്‍മ്മം ആണെന്നും പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം പ്രകൃതിയുടെ താളം തെറ്റിക്കുകയാണെന്നും കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് വൈസ് പ്രസിഡന്റ് അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത. കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിസ്ഥിതി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവല്ല ബഥനി മാര്‍ത്തോമ്മ പള്ളിയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. ജോജി പി. തോമസ്, ലിനോജ് ചാക്കോ, റവ. ബിനു വര്‍ഗീസ്, വര്‍ഗീസ് ടി. മങ്ങാട്, ബെന്‍സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
കെസിസി പരിസ്ഥിതി കമ്മീഷൻ
റാന്നി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കെസിസി പരിസ്ഥിതി കമ്മീഷൻ നടത്തിയ പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പ്രമോദ് നാരായൺ എംഎൽഎ ഫലവൃക്ഷത്തൈ നട്ട് നിർവഹിച്ചു.
ചെട്ടിമുക്ക് ട്രിനിറ്റി ആശ്രമം അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ.ടി.മാത്യൂസ് റമ്പാൻ അധ്യക്ഷത വഹിച്ചു. റോയി മാത്യു മുളമൂട്ടിൽ കോർ എപ്പിസ്കോപ്പ, നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ, പരിസ്ഥിതി കമ്മീഷൻ ചെയർമാൻ സ്മിജു ജേക്കബ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ, ആലിച്ചൻ ആറൊന്നിൽ, ജാൻസി പീറ്റർ, ഫാ. തോമസ് പി. തോമസ്, ഫാ. എബ്രഹാം മത്തായി, സുവിശേഷകൻ തോമസ്കുട്ടി പുന്നൂസ് തുടങ്ങിയവർ പ്രസംഗിച്ചു.
റാലിയും സെമിനാറും
വെണ്ണിക്കുളം: പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് റാലിയും ഫലവൃക്ഷത്തൈ നടീലും സെമിനാറും വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്നു.
പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.
സെമിനാറിന് കൃഷി വിജ്ഞാന കേന്ദ്രം അഗ്രോണമി വിഭാഗം സബ്ജക്റ്റ് മാറ്റര്‍ സ്പെഷലിസ്റ്റ് വിനോദ് മാത്യു നേതൃത്വം നല്കി. സ്കൂള്‍ ഹെഡ്മിസ്ട്രസ് രജനി ജോയി, കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്റ്റ് മാറ്റര്‍ സ്പെഷലിസ്റ്റ് ഡോ. റിന്‍സി കെ. ഏബ്രഹാം, പ്രോഗ്രാം അസ്സിസ്റ്റന്റ് ബിനു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
കോട്ടാങ്ങൽ സെന്റ് ജോർജ് സ്കൂളിൽ
കോട്ടാങ്ങൽ: കോട്ടാങ്ങൽ സെന്റ് ജോർജ്സ് ഹൈസ്കൂളിൽ തിരുവല്ല സോഷ്യൽ സർവീസ് സൊസൈറ്റി ബോധനയുമായി ചേർന്ന് പരിസ്ഥിതിദിനാചരണം നടത്തി. ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി പരിസ്ഥിതിദിന സന്ദേശ ചിത്രരചനയും പോസ്റ്റർ നിർമാണം, ഇക്കോ ക്വിസ് മത്സരങ്ങളും നടത്തി.
കുട്ടികളുടെ ഭവനങ്ങളിൽ നിന്നു കൊണ്ടുവന്ന ഔഷധ സസ്യങ്ങൾ ചേർത്ത് സ്കൂളിൽ ഔഷധസസ്യനിർമാണം നടത്തി.
പരിസ്ഥിതിദിന സെമിനാർ ബോധന ഡയറക്ടർ ഫാ. സാമുവേൽ വിളയിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വർഗീസ് ജോസഫ് അധ്യക്ഷത വഹിച്ചു.
മദർ പിടിഎ പ്രസിഡന്റ് ഷബാന സുലൈമാൻ, ഷിബി മണ്ണിൽ, സിസ്റ്റർ തേജസ് മേരി എസ്ഐസി, വിദ്യാർഥികളായ മുഹമ്മദ് സാലിം, അൽഫിൻ കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു. എൻആർഎം കോർഡിനേറ്റർ സിജി മാത്യു സെമിനാറിന് നേതൃത്വം നൽകി.
സിഎംഎസ് സ്കൂളിൽ
മല്ലപ്പള്ളി: സിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ്, നേച്ചർ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ പരിപാടികൾ നടത്തി. പരിപാടികൾക്ക് സ്കൂൾ പ്രിൻസിപ്പൽ ബാബു മാത്യു നേതൃത്വം നല്കി. മല്ലപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ അനി ബാബു സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു.
മാമ്പഴ വിഭവങ്ങളുടെ പ്രദർശനവും രുചിയറിവും സംഘടിപ്പിച്ചു. പരിപാടികൾക്ക് സന്തോഷ് സി. ചെറിയാൻ, റോസ്ലിൻ എം. ജോയി, ആശാ ബിനു, ലില്ലിക്കുട്ടി ഷിബുല, തോംസൺ എന്നിവർ നേതൃത്വം നല്കി.
വൃക്ഷത്തൈകൾ വിതരണം ചെയ്ത്
ഹോട്ടൽ അസോസിയേഷൻ
കോഴഞ്ചേരി: കേരള ഹോട്ടല്‍ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന് കോഴഞ്ചേരി യൂണിറ്റ് ഗവണ്മെന്റ് ഹൈസ്കൂളിലും സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലും 50 വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ലോക പരിസ്ഥിതിദിനം ആചരിച്ചു.
അസോസിയേഷന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവന് സ്കൂള്‍ ഹെഡ്മിസ്ട്രസിന് വൃക്ഷതൈ നല്‍കികൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി എ.വി. ജാഫറിന്റെ നേതൃത്വത്തില്‍ കെ.ജി. ബാലകൃഷ്ണകുറുപ്പ്, സണ്ണി വിഘ്നേശ്വര, സുനിത ബിജു, രജനി സുരേഷ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്തംഗം ബിജിലി പി. ഈശോ, സിപിഎം ലോക്കല്‍ സെക്രട്ടറി നൈജില്‍ കെ. ജോണ്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് ആഷ വി. വര്‍ഗീസ്, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.