അങ്കണവാടികളുടെ സമ്പൂര്‍ണ വൈദ്യുതിവത്കരണം ഈ വര്‍ഷം സാധ്യമാകും: മന്ത്രി വീണാ ജോര്‍ജ്
1299844
Sunday, June 4, 2023 6:38 AM IST
തിരുവല്ല: അങ്കണവാടികളിലെ സമ്പൂര്‍ണ വൈദ്യുതിവത്കരണം ഈ വര്‍ഷം സാധ്യമാകുമെന്നു മന്ത്രി വീണാ ജോര്‍ജ്. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കലുങ്കല്‍ 64-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സ്മാര്‍ട്ട് അങ്കണവാടിയാക്കുന്നതിന് സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത 200 എണ്ണത്തില്‍ 12 എണ്ണം പത്തനംതിട്ട ജില്ലയില്‍ നിന്നായിരുന്നു. അതില്‍ ജില്ലയില്‍ ആദ്യം പൂര്‍ത്തിയായത് നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ 64-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ 17 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ ഒന്‍പത് ലക്ഷം രൂപയും ചേര്‍ന്ന് 31 ലക്ഷം രൂപയ്ക്കാണ് നിര്‍മാണം പൂര്‍ത്തിയായതെന്നും മന്ത്രി പറഞ്ഞു.
അങ്കണവാടി നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം നല്കിയ കല്ലുങ്കല്‍ ഓതറപ്പറമ്പില് ഒ.ജെ. വര്‍ഗീസ്, മറിയാമ്മ വര്‍ഗീസ് ദമ്പതികളെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വിശാഖ് വെണ്‍പാല തുടങ്ങിയവര്‍ പ്രസംഗിച്ചു.