കരുപ്പാൻതോട് കാഞ്ഞിരപ്പാറ തോട്ടിൽ കാട്ടാനയുടെ ജഡം
1299479
Friday, June 2, 2023 11:04 PM IST
പന്നിപ്പടക്കം കടിച്ച്
ചരിഞ്ഞതെന്നു
നിഗമനം
കോന്നി: നടുവത്തുമൂഴി റേഞ്ചിലെ കരുപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനമേഖലയോടു ചേർന്ന് കൊക്കാത്തോട് കാഞ്ഞിരപ്പാറയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി.
കാഞ്ഞിരപ്പാറ കുരീചെറ്റയിൽ സുശീലന്റെ പറമ്പിനോടു ചേർന്ന കാഞ്ഞിരപ്പാറ തോട്ടിലായിരുന്നു ജഡം കിടന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഇവിടെ ആനയെ കണ്ടിരുന്നതായി സമീപവാസികൾ പറയുന്നു. വായുടെ സമീപത്ത് മുറിവേറ്റ ആന തോട്ടിൽ നിന്ന് വെള്ളം തുമ്പിക്കൈയിൽ കോരി മുറിവിൽ ഒഴിക്കുമായിരുന്നുവെന്നും പറയുന്നു.
വ്യാഴാഴ്ച വൈകുന്നേരം വനപാലകരെത്തി ആനയെ വനത്തിലേക്ക് ഓടിച്ചു വിടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അന്ന് രാത്രിയിൽ ചരിഞ്ഞതാകാമെന്നാണ് കരുതുന്നത്. ഇന്നലെ രാവിലെയാണ് ജഡം കണ്ടത്. പത്തു വയസുണ്ട്.
വടം ഉപയോഗിച്ച് ജഡം നാട്ടുകാരും വനപാലകരും ചേർന്ന് വലിച്ചു കരയ്ക്ക് കയറ്റി. നടുവത്തുമൂഴി റേഞ്ച് ഓഫീസർ ശരത് ചന്ദ്രന്റെ മേൽനോട്ടത്തിൽ ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ശ്യാംചന്ദ് പോസ്റ്റുമോർട്ടം നടത്തി. ജഡം മറവുചെയ്തു.
പന്നിപ്പടക്കം കടിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.