ഒപ്പമെത്തിയവർ മടങ്ങാനില്ല; ഞെട്ടിത്തരിച്ച് സുഹൃദ്സംഘം
1298087
Sunday, May 28, 2023 10:59 PM IST
വെട്ടൂർ: ഫുട്ബോൾ ആവേശം മനസിലേറ്റി ഒന്നിച്ചെത്തിയ ഒന്‍പതംഗ സംഘത്തിലെ രണ്ടുപേരെ നഷ്ടമായത് വിശ്വസിക്കാനാകാതെ കൂട്ടുകാർ.
കഴിഞ്ഞ മൂന്നു വർഷമായി ഒരേ കളത്തിൽ കാൽ പന്ത് തട്ടി കളിച്ച ഒന്‍പതംഗ സംഘത്തിലെ അഭിലാഷും അഭിരാജും ഇന്നലെ അച്ചൻകോവിലാറ്റിൽ മുങ്ങിത്താഴുന്പോൾ നിലവിളിക്കാൻ മാത്രമേ മറ്റുള്ളവർക്കായുള്ളൂ.
കുന്പഴ സ്കൂൾ ഗ്രൗണ്ടിനു സമീപത്തെ കളത്തിലാണ് അഭിനവ്, ആകാശ്, കാർത്തിക്, മനു, ശ്രീഹരി, അഭിരാജ്, അഭിലാഷ്, ദീപു, ആദർശ് എന്നിവർ ടീമായി കളിച്ചിരുന്നത്. ഇന്നലെ ഇവരുടെ സുഹൃത്ത് വിളിച്ചതിന്റെ അടിസ്ഥാനത്തിൽ ഒൻപത് പേരും ചേർന്ന് മത്സരത്തിനായി ഇളകൊള്ളൂരിൽ എത്തിയത്. മത്സര പാടത്ത് ആയതിനാൽ മറിഞ്ഞു വീണ് ദേഹമാകെ ചെളി പുരണ്ടപ്പോഴാണ് കുളി കഴിഞ്ഞ് മടങ്ങാമെന്ന് തീരുമാനിച്ചത്. തൊട്ടടുത്ത് അച്ചൻകോവിലാർ കൂടി ഉള്ളതിനാലാണ് കുട്ടിസഘം കൂട്ടായ തീരുമാനം എടുത്തത്.
സംഘത്തിൽ ഉണ്ടായിരുന്ന ദീപുവും ആദർശും ആറ്റിൽ കുളിക്കാൻ നിൽക്കാതെ മടങ്ങി. ഇല്ലത്ത് കടവിൽ അഭിരാജ് നടന്നുനീങ്ങിയ ഭാഗം അടിത്തട്ട് ചേറു നിറഞ്ഞതായിരുന്നു. പിന്നീട് പെട്ടെന്നായിരുന്നു അപകടം. മുങ്ങിത്താഴ്ന്ന അഭിരാജിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഭിലാഷും കയത്തിലേക്ക് താഴ്ന്നു. മറ്റൊരു സുഹൃത്ത് കാർത്തിക് കൂടി ഇവരെ രക്ഷപെടുത്താൻ എത്തിയപ്പോഴും അപകടത്തിൽപെട്ടു. കാർത്തികിനെ ഓടിയെത്തിയ നാട്ടുകാർ രക്ഷപെടുത്തി.
മരിച്ച അഭിരാജിന്റെ സഹോദരൻ അഭിനവും സംഘത്തിൽ ഉണ്ടായിരുന്നു. ജ്യേഷ്ഠ സഹോദരൻ മുങ്ങിത്താഴുന്നത് ആറിന്റെ കരയ്ക്ക് നോക്കി നിൽക്കാനേ അഭിനവിനും കഴിഞ്ഞുള്ളൂ.