കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കു നിർണായക സ്ഥാനം
1298074
Sunday, May 28, 2023 10:54 PM IST
അടൂർ: കലാസാംസ്കാരിക പ്രവർത്തനങ്ങൾ മലയാളിയുടെ ജിവിതത്തിൽ ഒഴിവാക്കാൻ കഴിയില്ലെന്ന് മന്ത്രി ജി.ആർ. അനിൽ. ഈവി കലാമണ്ഡലം സർഗോത്സവം അടൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ ഐക്യവും സ്നേഹവും സാഹോദര്യവും കൂടുതൽ മെച്ചപ്പെടുത്തി മതേതര ചിന്തയിൽ പൊതുസമൂഹത്തെ നിലനിർത്തുന്നതിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കു നിർണായക പങ്കുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഈവി കലാമണ്ഡലം കലാരത്ന പുരസ്കാരം ലക്ഷ്മി ഗോപാലസ്വാമിക്ക് മന്ത്രി ജി.ആർ. അനിൽ സമ്മാനിച്ചു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. മികച്ച നാടക രചനയ്ക്കക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ ഫ്രാൻസിസ് റ്റി. മാവേലിക്കര, സംവിധായകൻ വയല വിനയചന്ദ്രൻ , ചലച്ചിത്ര നടൻ ബദറുദീൻ, ഛായാഗ്രാഹകൻ രാജു അച്ചൂസ്, നയന എന്നിവരെ ചട ങ്ങിൽ ആദരിച്ചു. ജില്ലാ കളക്ടർ ഡോ.ദിവ്യ. എസ്. അയ്യർ, കവി ഏഴാച്ചേരി രാമചന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് , തുടങ്ങിയവർ പ്രസംഗിച്ചു.