റവന്യു ടവറിലെ ലിഫ്റ്റ് സ്ഥിരം തകരാറിൽ, ഇന്നലെയും രണ്ടുപേർ കുടുങ്ങി
1297839
Sunday, May 28, 2023 2:23 AM IST
തിരുവല്ല: റവന്യു ടവറിലെ ലിഫ്റ്റ് തകരാറിലായി രണ്ടുപേര്‍ കുടുങ്ങി. ഇന്നലെ വൈകുന്നേരം നാലോടെയാണ് രണ്ടുപേർ ലിഫ്റ്റില്‍ കുടുങ്ങിയത്. തിരുവല്ല ബാറിലെ അഭിഭാഷക ആര്. രാജലക്ഷ്മി, ക്ലാര്‍ക്ക് അനിത ഷാജി എന്നിവരാണ് കുടുങ്ങിയത്.
രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കും മധ്യേ മുക്കാല്‍ മണിക്കൂറോളം നേരം അകപ്പെട്ട ഇവരെ അഗ്നിരക്ഷാ സേന എത്തിയാണ് പുറത്തെത്തിച്ചത്. സാങ്കേതിക തകരാറാണ് കാരണമെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ആഴ്ചയും ആറു പേര് ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു. ഇവരേയും അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. അടിക്കടി തകരാറിലാകുന്ന ലിഫ്റ്റ് മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകണമെന്നു റവന്യൂ ടവര്‍ ടെനന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. മോട്ടോര്‍ തകരാറാണ് പ്രവര്‍ത്തനം തകരാറിലാകാന്‍ കാരണമെന്നു പറയുന്നു. രണ്ടാമത്തെ നിലയില്‍ ലിഫ്റ്റ് തുറക്കുന്നിടത്ത് അല്പം ഉയരത്തിലാണു വന്നുനിന്നത്. അഗ്നിരക്ഷാസേന എത്തി കസേരയിട്ടു കൊടുത്ത് അതില്‍ ചവിട്ടിയാണു ലിഫ്റ്റില്‍ കുടുങ്ങിയവര്‍ പുറത്തിറങ്ങിയത്.
അഞ്ചു മാസത്തിനിടയില്‍ ഇത് അഞ്ചാം തവണയാണ് റവന്യു ടവറിലെ ലിഫ്റ്റില്‍ ആളുകള്‍ കുടുങ്ങുന്നത്. മൂന്ന് കോടതികള്‍, താലൂക്ക് ഓഫീസ്, ആര്‍ടി ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവയെല്ലാം മൂന്നും നാലും നിലകളിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവിലെ ലിഫ്റ്റുകള്‍ കാലാവധി കഴിഞ്ഞതാണ്. ഇവ മാറ്റി പുതിയത് സ്ഥാപിക്കണമെങ്കില്‍ 30 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഉടമസ്ഥരായ ഹൗസിംഗ് ബോര്‍ഡ് പുതിയ ലിഫ്റ്റിനായി പണം മുടക്കുമോയെന്ന് ഉറപ്പില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കി പുതിയ ലിഫ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
റവന്യു ടവറിൽ രണ്ട് ലിഫ്റ്റ് ഉണ്ടെങ്കിലും തകരാറിലാകുന്നത് ഒരേപോലെയാണ്. തകരാര്‍ പരിഹരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും അധിക ദിവസം കഴിയും മുന്‍പേ വീണ്ടും തകരാറിലാകും.
ഇപ്പോള്‍ ഭയം കാരണം പലരും ലിഫ്റ്റില്‍ കയറാതെ നാലും അഞ്ചും നിലകള്‍വരെ നടന്നു കയറുകയാണ്.