വന്യമൃഗങ്ങൾ കൂട്ടത്തോടെ നടുറോഡിൽ ; വടശേരിക്കര-ചിറ്റാർ യാത്ര ഭീതിയിൽ
1297837
Sunday, May 28, 2023 2:23 AM IST
വടശേരിക്കര: വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങിയതോടെ വടശേരിക്കര-ചിറ്റാർ പാതയിൽ യാത്രക്കാർ ഭീതിയിൽ. രാത്രിയാത്രക്കാരാണ് ഏറെ ആശങ്കയിലായിരിക്കുന്നത്. വടശേരിക്കര, ബൗണ്ടറി, പേഴുംപാറ, മണിയാർ, ചിറ്റാർ ഭാഗങ്ങളിൽ വന്യമൃഗങ്ങൾ കഴിഞ്ഞ ദിവസമിറങ്ങി.
വെള്ളിയാഴ്ച രാത്രി കാട്ടുപോത്ത് കൂട്ടത്തോടെ പ്രധാന പാതയിലിറങ്ങിയിരുന്നു. കടുവയുടെ സാന്നിധ്യം ഒന്നര മാസത്തിലേറെയായി കിഴക്കൻ മലയോര മേഖലയിലെ ജനവാസ മേഖലകളിൽ കാണുന്നുണ്ട്. കടുവ വന്നതോടെ ഉൾമേഖലയിലായിരുന്ന കാട്ടുപോത്ത് റോഡിലേക്കിറങ്ങിയതാകാമെന്നാണ് നിഗമനം.
വടശേരിക്കര ടൗണിനു രണ്ടു കിലോമീറ്റർ മാത്രം അകലത്തിൽ കാട്ടാനയും കടുവയുമെല്ലാം എത്തിയിരിക്കുകയാണ്.
രാത്രിയാത്ര പേടിയോടെ
ബൗണ്ടറി മുതൽ കാരിക്കയം വരെയുള്ള ഭാഗത്താണ് യാത്രക്കാർ ഏറെ വിഷമിക്കുന്നത്. ജനവാസം ഏറെ കുറഞ്ഞ ഈ മേഖലയിൽ രാത്രിയാത്രികർ ഭയത്തോടെയാണ് കടന്നുപോകുന്നത്. മുൻകാലങ്ങളിലും കാട്ടാനയും കാട്ടുപോത്തുമൊക്കെ ഈ പ്രദേശത്തു ഇറങ്ങിയിരുന്നു. ഇപ്പോൾ അതു പതിവായി.
മണിയാർ പോലീസ് ക്യാന്പ്, കക്കാട്, മൂഴിയാർ പവർ ഹൗസ് തുടങ്ങിയ സ്ഥലങ്ങളിൽ ജോലിയെടുക്കുന്നവർ രാത്രിയാത്രക്കാരായി എത്താറുണ്ട്. പത്തനംതിട്ടയിൽ ജോലി കഴിഞ്ഞ ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി ഭാഗങ്ങളിലേക്കു പോകേണ്ടവരും ഇതുവഴി എത്താറുണ്ട്. കിഴക്കൻ മേഖലയിൽനിന്നുള്ള പ്രധാന യാത്രാമാർഗവും ഇതാണ്.
രാത്രികാല ബസ് സർവീസ് കുറവായതിനാൽ ഏറെപ്പേരും ഇരുചക്ര വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഓട്ടോറിക്ഷകൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഈ പാതയിലൂടെ രാത്രിയാത്രയ്ക്കു തയാറാകുന്നുള്ളൂ.
മ്ലാവും പന്നിയുമെല്ലാം ഈ പാതയിൽ സ്ഥിരമായി കാണാറുണ്ട്. ഏതിനെയെങ്കിലും വണ്ടി തട്ടിയാൽത്തന്നെ കേസാകുമെന്നതിനാൽ പലരും വളരെ ആശങ്കയിലാണ് യാത്ര.
കാട്ടാനക്കൂട്ടം റോഡിൽ
മണിയാർ, കട്ടച്ചിറ ഭാഗങ്ങളിൽ അടുത്തയിടെ കാട്ടാനക്കൂട്ടം സ്ഥിരമായി റോഡിലേക്കിറങ്ങുന്നുണ്ട്. മണിയാർ ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം രാത്രി ഇവ ഏറെനേരം നിലയുറപ്പിച്ചിരുന്നു.
സന്ധ്യ കഴിയുന്നതോടെ മൃഗങ്ങൾ റോഡിലേക്കെത്തുന്നതായി പ്രദേശവാസികൾ പറയുന്നു. ഇരുചക്ര വാഹനയാത്രക്കാരാണ് വന്യമൃഗങ്ങൾ മൂലം ഏറെയും ഭീതിയിലാകുന്നത്. വനംവകുപ്പിന്റെ പട്രോളിംഗോ വടശേരിക്കര കഴിഞ്ഞാൽ ചെക്ക് പോസ്റ്റുകളോ ഇല്ല. പാതയോരത്ത് വനംവകുപ്പിന്റെ ഏക്കർ കണക്കിനു തേക്ക് പ്ലാന്റേഷനും സ്വാഭാവിക വനങ്ങളുമാണുള്ളത്.
നാറാണംമൂഴിയിലും കടുവ
റാന്നി: വടശേരിക്കര, പെരുനാട് പഞ്ചായത്തുകളിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ചു ജനത്തെ മുൾമുനയിൽ നിർത്തിയ കടുവയെ നാറാണംമൂഴി പഞ്ചായത്ത് പ്രദേശത്തും കണ്ടതായി നാട്ടുകാർ. ഉന്നത്താനിയിൽ വെള്ളിയാഴ്ച രാത്രി പത്തരയോടെ കണ്ടതായാണ് വിവരം. പൊതുപ്രവർത്തകനായ സലാം കുമാറിന്റെ വീടിനു സമീപമാണ് രാത്രിയിൽ കടുവയെ കണ്ടതായി പറയുന്നത്. വീടിനു കുറച്ചകലെ മുരൾച്ച പോലെ എന്തോ ശബ്ദം കേട്ടതിനു പുറമെ സലാം കുമാറിന്റെ നായ വിറളി പിടിച്ചു വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു.
വെളിച്ചവുമായി പുറത്തേക്കു നോക്കിയ സലാം കുമാർ കുറച്ചകലെ റബർ തോട്ടത്തിലൂടെ നടന്നുവരുന്ന കടുവയെ കണ്ട് അകത്തു കയറി വാതിലടച്ചു.
പിന്നീട് നോക്കുമ്പോൾ മുകൾഭാഗത്തുള്ള കോളാമലതോട്ടം ലക്ഷ്യമാക്കി കടുവ നീങ്ങുന്നതു കണ്ടെന്നു സലാം കുമാർ പറഞ്ഞു. പിന്നീട് ബഹളംകൂട്ടി ആളുകളെ ഉണർത്തുകയും വിവരം അറിയിക്കുകയുമായിരുന്നു. അതിന് ഒരു മണിക്കൂറിനു ശേഷം സമീപത്തുള്ള കൊച്ചുകുളം പ്രദേശത്തു കടുവയെ കണ്ടതായി വിളിച്ചറിയിച്ചതായി സലാം കുമാർ പറഞ്ഞു.
വിവരമറിഞ്ഞു റാന്നി റേഞ്ച് ഓഫീസറുടെ നിർദേശാനുസരണം കരികുളം സ്റ്റേഷനിൽനിന്നു വനപാലകരെത്തി പ്രദേശത്തു പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഉന്നത്താനി, കൊച്ചുകുളം പ്രദേശങ്ങൾക്കു സമീപമുള്ള കോളാമല റബർ എസ്റ്റേറ്റിൽ നേരത്തെയും കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. പെരുനാട് ബഥനിമലയോടു ചേർന്ന ഭാഗമാണിത്. കടുവയ്ക്കു രാത്രിയിലും മറ്റും താവളമാക്കാൻ പറ്റിയ ഇടമാണ്. ഈ ഭാഗത്തു കഴിഞ്ഞയാഴ്ചയിൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ചിലർ കടുവയുടെ മുന്നിൽപ്പെട്ടിട്ടു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും പറയുന്നു. ഉന്നത്താനിക്കും കുടമുരുട്ടിക്കുമിടയിൽ വനമുണ്ടെങ്കിലും ഏറെയും ജനവാസ മേഖലകളാണ്.
വന്യമൃഗ ഭീതി: എൽഡിഎഫ് മാർച്ച് നാളെ
റാന്നി: കിഴക്കൻ മലയോരമേഖലയിൽ ജനങ്ങൾ നേരിടുന്ന വന്യമൃഗ ആക്രമണ ഭീഷണി പ്രതിരോധിക്കാൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫും സമരരംഗത്തേക്ക്.
റാന്നി താലൂക്കിന്റെ വിവിധ മേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണവും സാന്നിധ്യവും തുടർച്ചയായി ഉണ്ടായ സാഹചര്യത്തിൽ വനം വന്യജീവി സംരക്ഷണം നിയമങ്ങൾ ഭേദഗതി വരുത്തി കാട്ടുമൃഗങ്ങളുടെ അക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ 29ന് റാന്നിയിൽ ജനപ്രതിനിധികൾ വനം ഡിവിഷൻ ഓഫീസിലേക്കു മാർച്ച് നടത്തും.
രാവിലെ പത്തിനു റാന്നി പെരുമ്പുഴയിൽനിന്നാരംഭിക്കുന്ന മാർച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്യും.
കടുവയെ വെടിവയ്ക്കാനുള്ള ഉത്തരവ് കളക്ടർക്കു നൽകാനാകുമെന്ന് എംഎൽഎ
പത്തനംതിട്ട: കടുവ ആക്രമണത്തിന്റെ ഭീതിയിലായ റാന്നി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന സ്തംഭനാവസ്ഥയ്ക്കു പരിഹാരമുണ്ടാകണമെന്നു പ്രമോദ് നാരായൺ എംഎൽഎ ജില്ലാ വികസനസമിതി യോഗത്തിൽ ആവശ്യപ്പെട്ടു.
സ്കൂള്‍ തുറക്കുന്ന പശ്ചാത്തലം കൂടിയായതിനാല്‍ വലിയ ആശങ്കയാണ് നാട്ടിൽ. വടശേരിക്കരയിലും പെരുനാട്ടിലും അപകടകരമാണ് സാഹചര്യം. ഇത്തരം ആശങ്കകളുടെ പശ്ചാത്തലത്തില്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ എല്ലാ സങ്കീര്‍ണതകളും പരിഹരിച്ചു കടുവയെ വെടിവയ്ക്കാനുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ നൽകണം. വനമേഖലകളില്‍ സോളാര്‍ വേലി സ്ഥാപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.