വന്യമൃഗങ്ങളെ നേരിടാൻ കർഷകരെ അനുവദിക്കണം: കേരള കോൺ.-എം
1297836
Sunday, May 28, 2023 2:23 AM IST
റാന്നി: മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലണമെന്നു കേരള കോൺഗ്രസ്-എം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കാട്ടുപന്നിയിൽ തുടങ്ങി അവസാനം കടുവയിൽ എത്തി നിൽക്കുകയാണ് നാട്ടിലിറങ്ങിയ വന്യജീവികളുടെ പട്ടിക. ഈ സ്ഥിതി തുടർന്നാൽ അധ്വാനിച്ച് ഉണ്ടാക്കിയ ഭൂമിയും സ്വത്തും ഉപേക്ഷിച്ചു നാടുവിട്ടു പോകേണ്ട അവസ്ഥയിലാണ് മലയോരവാസികൾ.
കടുവ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊന്നു. കടുവയുടെ മുന്നിൽപ്പെട്ടിട്ടു തലനാരിഴയ്ക്കു രക്ഷപ്പെട്ടവർ നിരവധി. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കണമല ഭാഗത്തുതന്നെ രണ്ടുപേർ മരിച്ചു. ശല്യക്കാരായ വന്യമൃഗങ്ങളെ നേരിടാന്‍ കര്‍ഷകരെ അനുവദിക്കുകയാണ് വേണ്ടതെന്നും പാർട്ടിയുടെ പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.
വനംമന്ത്രി ഉദ്യോഗസ്ഥരുടെ തടവറയിൽ
വനപരിപാലത്തില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ പ്രധാന കാരണമെന്നു കേരള കോൺഗ്രസ്-എം പ്രതിനിധിംഘം അഭിപ്രായപ്പെട്ടു. വന്യമൃഗങ്ങളുടെ കുടിവെള്ള സ്രോതസ് തടസപ്പെടുത്തിയതും അടിക്കാടുകള്‍ യഥാസമയം തെളിക്കാത്തതിനെത്തുടര്ന്ന് സഞ്ചാരപഥം അടഞ്ഞതോടെയാണ് വന്യമൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നത്. വനം വകുപ്പുദ്യോഗസ്ഥരുടെ ഇത്തരം വീഴ്ച മുഖ്യമന്ത്രി അന്വേഷിക്കണം. വനംമന്ത്രി ഉദ്യോഗസ്ഥരുടെ തടവറയിലാണെന്നും കേരള കോൺഗ്രസ്-എം കുറ്റപ്പെടുത്തി. വനങ്ങളില്‍ വന്യമൃഗങ്ങള്‍ ക്രമാതീമായി പെരുകിയിട്ടുണ്ട്. കാടിനു താങ്ങാവുന്നതിലുമധികമാണ് വന്യമൃഗ സമ്പത്ത്. ഇത് അപകടകരമായ സ്ഥിതിവിശേഷമാണ് വരുത്തിയിട്ടുള്ളത്.
കണമല, പമ്പവാലി, തുലപ്പള്ളി, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. നൂറുകണക്കിനു നാട്ടുകാര്‍ പ്രതിനിധിസംഘത്തിനു മുന്നില്‍ ദുരിതങ്ങള്‍ പങ്കുവച്ചു. മലയോരമേഖല അക്ഷരാർഥത്തില്‍ നിശ്ചലമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ പരാതികൾ ക്രോഡീകരിച്ചു മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും നിവേദനം നൽകുമെന്നു നേതാക്കൾ അറിയിച്ചു. മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ വനാതിർത്തിയിൽ സോളാർ വേലികളും കിടങ്ങുകളും നിർമിക്കാൻ നടപടി സ്വീകരിക്കണം.
പ്രമോദ് നാരായൺ എംഎൽഎ, എൻ.എം. രാജു, ടി.ഒ. ഏബ്രഹാം, ആലിച്ചൻ ആറൊന്നിൽ, ജോർജ് ഏബ്രഹാം, ബിബിൻ കല്ലംപറമ്പിൽ, മനോജ് മാത്യു, മാത്യു നൈനാൻ, റിന്റോ തോപ്പിൽ, രാജീവ് വർഗീസ്, എൻ.എസ്. ശോഭന, ടോമി പാറക്കുളങ്ങര, ടിബു പുരയ്ക്കൽ, എം.സി. ജയകുമാർ, ജോസ് പാത്രമാങ്കൽ, ചെറിയാൻ മണ്ഡകത്തിൽ, സാബു കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു.