പുത്തന്‍കാവില്‍ കൊച്ചുതിരുമേനി അനുസ്മരണം
1297521
Friday, May 26, 2023 10:55 PM IST
പത്തനംതിട്ട: വിദ്യാഭ്യാസ മേഖലയിൽ നൽകിയ സംഭാവനകളിലൂടെ പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയുടെ സംഭാവനകളെ പൊതുസമൂഹം എക്കാലവും വിലമതിക്കുമെന്ന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതിയന്‍ കാതോലിക്ക ബാവ. തുമ്പമണ്‍ ഭദ്രസനാധിപനായിരുന്ന കാതോലിക്കേറ്റ് രത്നദീപം ഗീവര്ഗിസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ സമ്മേളനം പത്തനംതിട്ട ബേസില്‍ ദയറായില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാതോലിക്ക ബാവ.
കാതോലിക്കേറ്റ് കോളജ് ഉള്‍പ്പെടെ അദ്ദേഹം സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമൂഹത്തിന്റെ പുരോഗതിക്ക് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് കാതോലിക്ക ബാവ പറഞ്ഞു. പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയുടെ ഛായചിത്രം കാതോലിക്ക ബാവ അനാച്ഛാദനം ചെയ്തു. തുമ്പമണ്‍ ഭദ്രസനാധിപന് കുര്യാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തി. ഫാ. ജോണ്സണ് കല്ലിട്ടതിൽ കോര്‍ എപ്പിസ്കോപ്പ, ഫാ. തോമസ് പി. നൈനാന്, സുനില്‍ പി. ഉമ്മന്‍, ഫാ. ജിജി ശമുവേല്‍, ഫാ. ബിജു മാത്യു, അനില്‍ കെ. ടൈറ്റസ്, അനില്‍ പി. വര്‍ഗീസ്, അജു ജോര്‍ജ്, പ്രഫ. ജി. ജോണ്‍, ഡോ. ജോര്‍ജ് വര്‍ഗീസ്, ഐവാന്‍ വകയാര്‍, അനി എം. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.