വിശ്വാസ പരിശീലന ദിനാഘോഷം: വാര്‍ഷികാഘോഷവും നേതൃസംഗമവും
1297517
Friday, May 26, 2023 10:52 PM IST
കാഞ്ഞിരപ്പള്ളി: രൂപതാ വിശ്വാസ പരിശീലന കേന്ദ്രത്തിന്റെയും ചെറുപുഷ്പ മിഷന് ലീഗിനെയും വാര്‍ഷികാഘോഷവും നേതൃസംഗമവും അവാര്‍ഡ് ദാനവും ഇന്നു രാവിലെ 9.30 മുതല്‍ കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടക്കും. രാവിലെ 10ന് ബിനീഷ് കളപ്പുര കുടുംബ വിശുദ്ധികരണം മക്കളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിക്കും.
തുടര്‍ന്ന് നടക്കുന്ന വാര്‍ഷിക സമ്മേളനം മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. വികാരി ജനറല്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ അധ്യക്ഷത വഹിക്കും. മിഷന് ലീഗ് രൂപത പ്രസിഡന്റ് മാത്യു മരങ്ങാട്ട് പ്രസംഗിക്കും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച സണ്‍ഡേസ്കൂളുകളെയും കുട്ടികളെയും ആദരിക്കും. മതാധ്യാപന രംഗത്ത് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ രണ്ട് അധ്യാപകര്‍ക്കും 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ 63 അധ്യാപകര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കും. കഴിഞ്ഞ 12 വര്‍ഷവും മുടക്കം വരുത്താതെ എല്ലാ ഞായറാഴ്ചകളിലും വിശ്വാസ പരിശീലനത്തില്‍ പങ്കെടുത്ത 15 കുട്ടികള്‍ക്ക് പ്രത്യേക പുരസ്കാരങ്ങള്‍ നല്കി ആദരിക്കും.
മൂന്നു വിഭാഗത്തിലും മോഡല്‍ സണ്ഡേസ്കൂളുകളായി തെരഞ്ഞെടുക്കപ്പെട്ട എലിക്കുളം, കൊല്ലമുള, കാരികുളം, ഉപ്പുതറ, ചാമംപതാല്‍, ഉമിക്കുപ്പ, ഗ്രെയ്സ്വാലി, കരിക്കാട്ടൂര്‍, പൂമറ്റം സണ്‍ഡേ സ്കൂളുകളെയും മോഡല്‍ മിഷന് ലീഗ് യൂണിറ്റുകളായി തെരഞ്ഞെടുക്കപ്പെട്ട കൂവപ്പള്ളി, രാജഗിരി, കരിക്കാട്ടൂര്‍ എന്നീ യൂണിറ്റുകളെയും ട്രോഫികള്‍ നല്കി ആദരിക്കും. മിഷന് ലീഗ് രൂപത ഓര്‍ഗനൈസിംഗ് പ്രസിഡന്റ് അരുണ്‍ പോള്‍ കോട്ടക്കല്‍ നന്ദി പറയും.
ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രധാനാധ്യാപകര്‍, സ്റ്റാഫ് സെക്രട്ടറിമാര്‍, ഫൊറോന സെക്രട്ടറിമാര്‍, രൂപത ആനിമേറ്റര്‍മാര്‍ എന്നിവരുടെ സമ്മേളനത്തില്‍ മാര്‍ ജോസ് പുളിക്കല്‍ മുഖ്യസന്ദേശം നല്‍കും. തുടര്‍ന്ന് അടുത്ത വര്‍ഷത്തെ കര്‍മപദ്ധതികളുടെ വിശദീകരണവും ചര്‍ച്ചകളും നടക്കും.